Middle East

അംഗീകാരങ്ങളുടെ മികവുമായി അബുദാബി യാസ് ഐലന്‍ഡ്

യാസ് ഐലന്‍ഡിന് അംഗീകാരങ്ങളുടെ വര്‍ഷമായി 2018. അബുദാബിയിലെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ യാസ് ഐലന്‍ഡിന് പ്രാദേശിക, മേഖലാ രാജ്യാന്തര അംഗീകാരങ്ങളടക്കം ഈ വര്‍ഷം 34 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സേവനങ്ങളുടെയും സൌകര്യങ്ങളുടെയും മികവാണ് ഈ നേട്ടത്തിന് നിദാനമെന്ന് മിറല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.


ഏറ്റവും പുതുതായി തുറന്ന വര്‍ണര്‍ ബ്രോസ് വേള്‍ഡും ഇതിന് ആക്കം കൂട്ടി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ മധ്യപൂര്‍വദേശത്തെ ഏറ്റവും നല്ല തീംപാര്‍ക്കായി ഈ വര്‍ഷം തിരഞ്ഞെടുത്തത് യാസ് ഐലന്‍ഡിലെ ഫെറാരി വേള്‍ഡ് അബുദാബിയെയാണ്. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും മനോഹരമായ 100 സ്ഥലങ്ങളിലൊന്നായി വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബിയെ തിരഞ്ഞെടുത്തു. ട്രിപ് അഡൈ്വസേഴ്‌സിന്റെ ഹാള്‍ ഓഫ് ഫെയിം, മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും വച്ച് ഏറ്റവും മികച്ച വാട്ടര്‍ പാര്‍ക്ക്, വാട്ട്‌സ് ഓണ്‍ അബുദാബിയുടെ ഫേവറേറ്റ് ഡേ ഔട്ട്, ഫേവറേറ്റ് ലേഡീസ് നൈറ്റ് തുടങ്ങി പുരസ്‌കാരങ്ങളുടെ പട്ടിക നീളും.

ലോകത്തിലെ ഏറ്റവും മികച്ച വാട്ടര്‍ തീം പാര്‍ക്കകളിലൊന്നായ യാസ് ഐലന്‍ഡില്‍ മോട്ടോര്‍ സ്‌പോര്‍ട്ടിനും ഗോള്‍ഫിനും പ്രത്യേക വിഭാഗം തന്നെയുണ്ട്. ഓരോ വര്‍ഷവും പുതുമകളോടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന യാസ് ഐലന്‍ഡ് 2022ഓടെ 4.8 കോടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍മുബാറക് പറഞ്ഞു.