Kerala

ഇക്കോ ടൂറിസം ശില്‍പശാല നാളെ തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

Photo Courtesy:keralatourism.org

വഴുതക്കാട് വനം ആസ്ഥാനത്ത് നാളെ രാവിലെ 10 മണിക്ക് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു ശില്‍പശാല ഉദ്ഘാടനം ചെയ്യും.

പി സി സി എഫ് എ കെ ധര്‍ണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയാകും.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പത്മ മഹതി ആമുഖ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറ്കടര്‍ പി ആര്‍ സുരേഷ് , ഇക്കോ ടൂറിസം ഡയറക്ടര്‍ പി പി പ്രമോദ് , സതേണ്‍ സര്‍ക്കിള്‍ സി സി എഫ് കെ. വിജയന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഇക്കോടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ച് ഡി എഫ് ഒ മാരും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും പ്രഭാഷണം നടത്തും. തെന്‍മല ഇക്കോ ടൂറിസം പ്രെമോഷന്‍ സൊസൈറ്റി, ഇക്കോ ടൂറിസം ഡയറ്കടര്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ പ്രത്യേക അവതരണങ്ങളും ശില്‍പശാലയില്‍ നടത്തും.