Middle East

ദുബൈയില്‍ ടാക്‌സി ലഭിക്കാന്‍ ഇനി വെറും അഞ്ച് മിനുറ്റ്

ടാക്‌സിക്കായുള്ള കാത്തിരിപ്പ് സമയം ഇനി അഞ്ചു മിനിറ്റില്‍ കൂടില്ല. കരീം ആപ്പ് ഉപയോഗിച്ച് ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സൗകര്യം വരുന്നു. ഇതുസംബന്ധിച്ചു ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.


ആളുകള്‍ക്ക് എളുപ്പം ടാക്‌സി സേവനം ലഭ്യമാകാന്‍ കരീമിന്റെ ഇ-ഹെയില്‍ സംവിധാനത്തിന് സാധിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍തായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,843 ടാക്‌സികളാണ് ഇ-ഹെയിലിന്റെ പരിധിയില്‍ വരുക. 2019 ഏപ്രിലോടെ സേവനം വ്യാപകമാകും. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം.

ലോകത്തെ വിവിധ ഇ-ഹെയില്‍ കമ്പനികള്‍ ആര്‍.ടി.എ.യുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കരീമിനെയാണ് തിരഞ്ഞെടുത്തത്.ദുബൈയിലെ ലിമോസിനുകളുടെ സേവനത്തിനു നേരത്തേ കരീമുമായി ധാരണ ഉണ്ടാക്കിയിരുന്നു.

ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ദുബൈ ടാക്‌സി ബുക്ക് ചെയ്യാന്‍ ഇ-ഹെയ്ലിലൂടെ സാധ്യമാകും. ആര്‍.ടി.എ.യ്ക്കു സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കിലും കുറേക്കാലമായി നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാതര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി.

കരീം എം.ഡി. മുദസിര്‍ ശൈഖ്, ആര്‍.ടി.എ. ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒരേ റൂട്ടില്‍ പോകുന്ന മറ്റ് യാത്രക്കാരോടൊപ്പം ഷെയര്‍ ടാക്‌സി എന്ന നിലയില്‍ സേവനം ഉപയോഗിക്കാനും സാധിക്കും. ടാക്‌സി നിരക്കുകളില്‍ മാറ്റമുണ്ടാകുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.