Auto

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്റ്

കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാനും മറ്റുമായി താക്കോലുകളെ ആശ്രയിച്ചിരുന്ന കാലം പതിയെ മാറുത്തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വാഹനങ്ങളിലും പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഹ്യുണ്ടായി ഒരുമുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്.

ഹ്യുണ്ടായിയുടെ പുതുതലമുറ സാന്റേ ഫെയില്‍ കാര്‍ ഫിംഗര്‍ പ്രിന്റ് സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മാത്രമല്ല ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ചൈനയില്‍ ഇറങ്ങുന്ന സാന്റാ ഫെയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെത്തുന്ന വാഹനത്തിലും ഈ സംവിധാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരുടെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്താണോ കാറില്‍ കയറുന്നത് അയാള്‍മുമ്പ് ക്രമീകരിച്ചിരുന്നതുപോലെ സീറ്റ് പൊസിഷന്‍, സ്റ്റിയറിങ് പൊസിഷന്‍, റിയര്‍ വ്യൂ മിറര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ടെംപറേച്ചര്‍ എന്നിവയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ആകുമെന്നുള്ളതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

ഫിംഗര്‍ പ്രിന്റ് സംവിധാനം ഒരുക്കുന്നതിലൂടെ കാറുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നതാണ് കമ്പനിയുടെ പ്രധാന അവകാശവാദം. 50,000-ത്തില്‍ ഒരു വാഹനത്തില്‍ മാത്രമാണ് വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ളതെന്നും കമ്പനി അറിയിച്ചു.