Middle East

ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും

മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു രാജാവിന്റെ നിര്‍ദേശം.

മദീനയില്‍ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് മസ്ജിദുല്‍ ഖുബാ. ഇഷാ നിസ്‌കാരം കഴിഞ്ഞു അടച്ചിടുന്നതിനാല്‍ രാത്രി ഈ പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മദീന സദര്‍ശിച്ച ഭരണാധികാരി സല്‍മാന്‍ രാജാവ് പള്ളി 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നുമുതല്‍ ഖുബാ മസ്ജിദ് സന്ദര്‍ശിക്കാന്‍ 24 മണിക്കൂറും അവസരം ഉണ്ടായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ആണ് ഖുബായിലേക്കുള്ള ദൂരം. മതവിശ്വാസപ്രകാരം ഏറെ പുണ്യമുള്ള ഈ പള്ളി ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധ്യന്യമുള്ള ആരാധനാലയമാണ്. പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ എത്തിയപ്പോള്‍ ആദ്യമായി കാല് കുത്തിയ സ്ഥലത്തു പ്രവാചകന്റെ തന്നെ നേതൃത്വത്തില്‍ പണിത പള്ളിയാണിത്. മരണം വരെ എല്ലാ ശനിയാഴ്ചയും പ്രവാചകന്‍ ഈ പള്ളിയിലെത്തി നിസ്‌കരിക്കാറുണ്ടായിരുന്നു. ഖുബാ മസ്ജിദില്‍ വെച്ചുള്ള നിസ്‌കാരത്തിനു ഒരു ഉംറയുടെ പുണ്യം ലഭിക്കുമെന്നാണ് പ്രവാചക വചനം. പള്ളി പലതവണ പുനര്‍നിര്‍മിച്ചു. ഹജ്ജ് ഉംറ കര്‍മങ്ങളുടെ ഭാഗമായി മദീനയില്‍ എത്തുന്ന ഭൂരിഭാഗം തീര്‍ത്ഥാടകരും ഈ പള്ളി സന്ദര്‍ശിക്കാറുണ്ട്.