Kerala

ഹർത്താലിനോട് സഹകരിക്കില്ല; കേരള ടൂറിസം കർമ്മസേന യോഗത്തിൽ തീരുമാനം

ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തടസമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കേരള ടൂറിസം കര്‍മ്മസേന യോഗത്തില്‍ തീരുമാനം.


ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) ആഭിമുഖ്യത്തില്‍, കേരള ടൂറിസം കര്‍മ്മസേനയുടെ കൊച്ചിയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ ടൂറിസം മേഖലയിലെ 28 സംഘടനകളാണ് കര്‍മ്മസമ്മിതി യോഗത്തില്‍ പങ്കെടുത്തത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വിനോദസഞ്ചാരമേഖ നേരിടുന്ന നഷ്ടത്തെ അതിജീവിക്കുന്നതിനുള്ള ശക്തമായ നിലപാടുകള്‍ യോഗം സ്വീകരിച്ചു.

ജനുവരി 8, 9 തിയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറുകയാണെങ്കില്‍ സഹകരിക്കില്ലെന്ന് കെടിഎം പ്രസിഡന്‍ ബേബി മാത്യു, മുന്‍ പ്രസിഡന്‍റുമാരായ റിയാസ് അഹമ്മദ് ഇ എം നജീബ്, ജോസ് ഡോമനിക്, കര്‍മ്മസേന കണ്‍വീനറും മുന്‍ പ്രസിഡന്‍റുമായ ഏബ്രഹാം ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സ്വമേധയാ പണിമുടക്കുന്നതിനോട് ടൂറിസം വ്യവസായത്തിന് എതിര്‍പ്പില്ലെന്ന് ബേബി മാത്യു പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തിയും അക്രമം കാട്ടിയും ഹര്‍ത്താലാചരിക്കാന്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത ഹര്‍ത്താലിനെ നേരിടുന്നതിന് വേണ്ടി ആറിന പരിപാടി ടൂറിസം കര്‍മ്മസേന അംഗീകരിച്ചു. സഞ്ചാരസ്വാതന്ത്യം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും സുരക്ഷ തേടുക. ഫോട്ടോ, റെക്കോര്‍ഡിംഗ് തുടങ്ങിയ തെളിവുകളുടെ സഹായത്തോടെ, പ്രശ്നക്കാരുടെയും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികളുടേയും പേരില്‍ നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുക, സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കപ്പെട്ടാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുക, സ്വതന്ത്ര വിഹാരവും ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിനു വേണ്ടി ഹര്‍ത്താലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കെതിരെ പോരാടാന്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംയുക്ത ഫോറം രൂപപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടത്.
ടൂറിസം വ്യവസായത്തിലെ 28 സംഘടനകള്‍ ഐകകണ്ഠേനയാണ് ആറിന പ്രമേയം അംഗീകരിച്ചതെന്ന് കര്‍മ്മസേന കണ്‍വീനര്‍ ഏബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാനത്തെ ഇതരമേഖലകളിലുള്ള സംഘടനകളുമായി ആറിന പ്രമേയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് 2017ല്‍ 121 ഹര്‍ത്താലുകളും 2018 ല്‍ ഇതുവരെ 97 ഹര്‍ത്താലുകളും നേരിടേണ്ടിവന്നു. അപ്രകാരം ശരാശരി 100 ഹര്‍ത്താലുകളാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 1.65 കോടിയോളം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലേക്കെത്തുന്നത്. ഇതില്‍ 30 ശതമാനം ഓഫ് സീസണിലും 70 ശതമാനം സീസണിലുമായാണ് വരുന്നത്. സംസ്ഥാനത്ത് പ്രതിദിനം 70,000 വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. ഹര്‍ത്താലുകള്‍ കാരണം ടൂറിസ്റ്റുകള്‍ക്കുള്ള ശരാശരി പ്രതിദിന നഷ്ടം 200 കോടിയാണെന്ന് 28 സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കര്‍മ്മസേന ചൂണ്ടിക്കാട്ടി.