Auto

ഡല്‍ഹിയില്‍ വഴികാട്ടിയായി ഇനി ഓട്ടോറിക്ഷ ഫീച്ചര്‍

ആദ്യമായി ഡല്‍ഹിയിലെത്തിയാല്‍ എങ്ങനെ യാത്ര ചെയ്യും എന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. യാത്രക്കാരെ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പ് പുതിയ ഓട്ടോറിക്ഷാ ഫീച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ പോകേണ്ട സ്ഥലം നല്‍കുന്ന ബുദ്ധിമുട്ട് മാത്രമേ ഡല്‍ഹിക്കാര്‍ക്ക് ഇനി ഉണ്ടാവുകയുള്ളൂ.

ഓട്ടോ നിരക്ക് എത്രയാവും, ഏത് വഴിയാണ് ട്രാഫിക് ബ്ലോക്കുള്ളത്, എളുപ്പവഴിയേതാണ് തുടങ്ങി എല്ലാ കാര്യങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ കയ്യിലെ മൊബൈല്‍ ഫോണില്‍ തെളിയും. ഡല്‍ഹിയിലെത്തിയാല്‍ ഇനി വഴി തെറ്റുകയോ, അധികം പണം യാത്രയ്ക്ക് നല്‍കേണ്ടിയോ വരില്ലെന്ന് ചുരുക്കം. ഡല്‍ഹി ട്രാഫിക് പൊലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡല്‍ഹിയിലെ യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനമാകുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ മാപ്പിന്റെ പ്രൊഡക്ട് മാനേജര്‍ വിശാല്‍ ദത്ത പറഞ്ഞു. യാത്രകള്‍ നേരത്തെ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നതോടെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും. ആപ്പ് തുറന്ന ശേഷം ലക്ഷ്യസ്ഥാനം നല്‍കിക്കഴിഞ്ഞ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മോഡ് ഓണ്‍ ആക്കുമ്പോഴാണ് ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങള്‍ ലഭിക്കുക.

ഓട്ടോ റിക്ഷ തിരഞ്ഞെടുക്കുന്നതായി കൊടുത്തു കഴിയുമ്പോള്‍ നിശ്ചിത സ്ഥലം വരെ ഈടാക്കിയേക്കാവുന്ന ഏകദേശ നിരക്കും വഴിയും, ട്രാഫിക് ബ്ലോക്ക് സംബന്ധിച്ച വിവരങ്ങളും സ്‌ക്രീനില്‍ തെളിയും. നാവിഗേറ്റ് കൊടുത്താല്‍ യാത്ര ആരംഭിക്കാം. പുതിയ സംവിധാനം ഭാവിയില്‍ മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമോ എന്നത് സംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.