Kerala

കോഫി ഹൗസിന് ഇതാ ഹാപ്പി 60

വെളുത്ത നിറത്തില്‍ ചുവന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോഫി ഹൗസ് എന്നുള്ള എഴുത്ത് മലയാളികള്‍ക്ക് ആശ്വാസം മാത്രമല്ല വികാരം കൂടിയാണ്.


ഒരു കാപ്പി കപ്പിന് ഇരുപുറം ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഈ ലോകത്ത്. അങ്ങനെ ഇരിക്കാനിടം സമ്മാനിച്ച ഇന്ത്യന്‍ കോഫി ഹൗസ് എന്ന ഇന്ത്യക്കാരുടെ കാപ്പി കടയ്ക്ക് 60 വയസ്സായി.

1958-ല്‍ തൃശൂരിലാണ് തൊഴിലാളി സഹകരണ സംഘത്തിന്റെ കേരളത്തിലെ ആദ്യ കോഫി ഹൗസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ആദ്യകാലത്ത് കാപ്പി, ഓംലെറ്റ്, കട്ലറ്റ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ചായയും ചോറുമെല്ലാം അതിഥിയായി എത്തിയവയാണ്. കോഫി ബോര്‍ഡിന്റെ കോഫി ഹൗസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ള യൂണിഫോം തന്നെയാണ് ഇപ്പോഴും.

മുന്‍പ് കോഫി ഹൗസുകള്‍ ബുദ്ധിജീവികളുടെ താവളമായിരുന്നെങ്കില്‍ പിന്നീടവ സാംസ്‌കാരിക കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച്, കലാകാരന്മാരുടെയും ചിന്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ചര്‍ച്ചാവേദികളായി മാറി.

ചിന്തകളുടെയും ചര്‍ച്ചകളുടെയും ചൂടു പകര്‍ന്ന് ആദ്യ കോഫി ഹൗസ് ഇന്ത്യയില്‍ തുടങ്ങിയിട്ട് 238 വര്‍ഷമായി. കൊല്‍ക്കത്തയില്‍ 1780-ലാണ് ഇന്ത്യയിലെ ആദ്യത്തെ കോഫി ഹൗസിനു തുടക്കമായത്. വിദേശികള്‍ക്കു വേണ്ടിയായിരുന്ന അന്നത്തെ കോഫി ഹൗസുകള്‍ വിനോദ കേന്ദ്രങ്ങളായിരുന്നു. പത്രങ്ങള്‍, ബില്യാര്‍ഡ്‌സ്, ക്യാരംസ് എന്നിവയൊക്കെ കോഫി ഹൗസുകളിലുണ്ടായിരുന്നു. തനിച്ചോ കൂട്ടമായോ ഇരിക്കാന്‍ ഒപ്പമൊരു ‘കാപ്പിക്കൂട്ട്’ എന്ന രീതിയിലായിരുന്നു ആദ്യകാലത്തു കോഫി ഹൗസുകള്‍ക്കു തുടക്കമിട്ടതെങ്കില്‍, പിന്നീടത് തൊഴിലാളി വര്‍ഗത്തെ കൈപിടിച്ചുയര്‍ത്താനൊരു ചൂടുള്ള മുന്നേറ്റമായി.

കേരളത്തില്‍ കോഫി ബോര്‍ഡിന്റെ കീഴിലുണ്ടായിരുന്ന എറണാകുളം കോഫി ഹൗസാണ് തൊഴിലാളി സഹകരണ സംഘം ആദ്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോഫി ഹൗസ് നടത്തിയിരുന്ന സ്ഥലത്തിന്റെ ഉടമ തന്നെ അത് ഏറ്റെടുത്തു. കേരളത്തില്‍ ആദ്യം അടച്ച കോഫി ഹൗസ് അങ്ങനെ സ്വകാര്യ വ്യക്തിക്കു കിട്ടി.

എറണാകുളത്തെ നഷ്ടത്തിനു ശേഷം കേരളത്തില്‍ തൊഴിലാളികളുടേതായി ആദ്യം തുറക്കാവുന്ന കോഫി ഹൗസുള്ളതു തൃശൂരിലായിരുന്നു. തൃശൂര്‍, സ്വരാജ് റൗണ്ടിലെ പ്രശസ്ത പ്രസാധകരായ മംഗളോദയത്തിന്റെ കെട്ടിടത്തിലായിരുന്നു ബോര്‍ഡിന്റ കോഫി ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. 1958 ജനുവരി 17നു തൃശൂര്‍ കോഫി ഹൗസ് അടച്ചുപൂട്ടി മൂന്നു ദിവസം കഴിഞ്ഞു ഹൗസ് ഏറ്റെടുക്കുന്ന കരാറില്‍ ബോര്‍ഡുമായി സഹകരണ സംഘം ഒപ്പുവച്ചു.

തുടര്‍ന്നു മംഗളോദയത്തിന് 200 രൂപ മുന്‍കൂറായി കൊടുത്ത് കോഫി ഹൗസ് കെട്ടിടം വാടകയ്‌ക്കെടുത്തു. സ്വന്തമായി പുസ്തകശാല തുടങ്ങാനിരുന്ന തീരുമാനം മാറ്റിവച്ചാണ് മംഗളോദയം മേധാവിയായിരുന്ന എ.കെ.ടി.കെ.എം. വാസുദേവന്‍ നമ്പൂതിരിപ്പാട് കെട്ടിടം വിട്ടുകൊടുത്തത്.

1958 മാര്‍ച്ച് 8-നു തൃശൂര്‍ കോഫി ഹൗസ് എകെജി ഉദ്ഘാടനം ചെയ്തു. 13 തൊഴിലാളികളുമായി കേരളത്തിലെ ആദ്യത്തെ തൊഴിലാളി ഇന്ത്യന്‍ കോഫി ഹൗസ് തുടങ്ങുമ്പോള്‍, കാപ്പിക്ക് വെറും പത്തു പൈസയായിരുന്നു വില!

ഉദ്ഘാടന ദിവസം ഒരു മണിക്കൂറാണ് കോഫി ഹൗസ് പ്രവര്‍ത്തിച്ചത്. 60 രൂപ 99 പൈസയായിരുന്നു ആദ്യ ദിവസത്തെ വിറ്റുവരവ്. ടി.കെ. കൃഷ്ണനായിരുന്നു തൃശൂര്‍ കോഫി ബോര്‍ഡ് സഹകരണത്തൊഴിലാളി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്. തൃശൂരില്‍ തൊഴിലാളി സംഘമുണ്ടാക്കി 5 മാസം കഴിഞ്ഞാണ് മലബാര്‍ സംഘം യാഥാര്‍ഥ്യമായത്.

സംഘത്തിന്റ ആദ്യ കോഫി ഹൗസ് 1958 ഓഗസ്റ്റ് 7നു തലശ്ശേരിയില്‍ തുറന്നു. ടി.പി. രാഘവനായിരുന്നു സംഘത്തിന്റെ ആദ്യ പ്രസിഡന്റ്. ബോര്‍ഡിന്റെ കാലത്തു കോഫി ഹൗസുകളുടെ പേര് ഇന്ത്യാ കോഫി ഹൗസ് എന്നായിരുന്നു. പിന്നീട് 1959-ല്‍ കോഴിക്കോട് നടന്ന യോഗത്തിലാണ് തൊഴിലാളികള്‍ പേര് ഇന്ത്യന്‍ കോഫി ഹൗസ് എന്നാക്കിയത്.

മലബാര്‍ മേഖല, തൃശൂര്‍ മേഖല എന്നിങ്ങനെ രണ്ടു വിഭാഗമായാണ് ഇപ്പോള്‍ ഇന്ത്യന്‍ കോഫി ഹൗസ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലബാറില്‍ പത്തിലേറെ ശാഖയും തൃശൂര്‍ സംഘത്തില്‍ 55 ശാഖയുമാണുള്ളത്. തൃശൂര്‍ തൊഴിലാളി സഹകരണ സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംഘം. രാജ്യമാകെ പത്തോളം സംഘങ്ങളുണ്ട്. നാല്‍പതിലേറെ വിഭവങ്ങള്‍ ഇപ്പോള്‍ കോഫി ഹൗസുകളില്‍ ലഭ്യമാണ്.

ഏതു യാത്രയിലും ഇന്ത്യന്‍ കോഫി ഹൗസുകള്‍ തേടി മലയാളികള്‍ പോകുന്നത്, അതൊരു പാരമ്പര്യമായി മാറിയതുകൊണ്ടാണ്. അറുപതാണ്ടു കഴിഞ്ഞിട്ടും അതേ പ്രിയരുചി നല്‍കുന്ന കാപ്പിയോടുള്ള ഇഷ്ടം കൊണ്ടും.

ഈ ജനപ്രീതിക്കു കാരണങ്ങള്‍ ലളിതമാണ്. ഇന്ത്യന്‍ കോഫി ഹൗസുകളില്‍ മാറാത്തതായി ഒരുപാടുണ്ട്, പേരു പോലെ അതിന്റെ പ്രത്യക്ഷ ചിഹ്നങ്ങള്‍ പോലെ, രുചി, ചേരുവ…