Kerala

പാഞ്ചാലിമേട്ടില്‍ ഗൈഡഡ് ട്രക്കിങ്ങും ഓഫ് റോഡ് സവാരിയും

വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന പാഞ്ചാലിമേട്ടില്‍ പുതുവത്സരത്തോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിര് തൂവുന്ന പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ചയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത്.

സഞ്ചാരികളെ വരവേല്‍ക്കാന്‍ മികച്ച പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്.

മലനെറുകയിലുള്ള പാഞ്ചാലിമേട്ടില്‍നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. ഇവിടെ നിര്‍മിച്ചിരിക്കുന്ന പഴയകാല ഓര്‍മ പുതുക്കുന്ന ഏറുമാടത്തില്‍ സഞ്ചാരികള്‍ക്ക് കയറാനും ഫോട്ടോ എടുക്കാനും കഴിയും. വിനോദ സഞ്ചാര കേന്ദ്രമെന്നതിന് പുറമെ മഹാഭാരതവുമായി ബന്ധപ്പെട്ട് പാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്.

പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമന്‍ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാന്‍ കാരണമെന്നും കരുതപ്പെടുന്നു. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ക്രിസ്മസ് പുതുവത്സരം മുന്‍നിര്‍ത്തി ഗൈഡഡ് ട്രക്കിങ് ആരംഭിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു.

ഇതോടൊപ്പം പാഞ്ചാലിമേടും അനുബന്ധ പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിനായി ഓഫ് റോഡ് ജീപ്പ് സവാരിയും ഏര്‍പ്പെടുത്തും. മകരവിളക്ക് ദര്‍ശനത്തിന് പാഞ്ചാലിമേട്ടില്‍ എത്തുന്നവര്‍ക്കായി കുടിവെള്ളം, വെളിച്ചം, ടോയ്ലറ്റ് സംവിധാനം, പാര്‍ക്കിങ് സൗകര്യം, അനൗണ്‍സ്മെന്റ് സംവിധാനം തുടങ്ങിയവ സജ്ജീകരിക്കും.