Middle East

പ്രാചീനകാല പ്രൗഢിയോടെ അല്‍ ഹൊസന്‍ കോട്ട തുറന്നു

പ്രാചീനകാല പ്രൗഢിയോടെ സ്വദേശികളുടെ ജീവിതത്തിലേക്ക് വാതില്‍ തുറക്കുന്ന ഖസര്‍ അല്‍ ഹൊസന്‍ കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോട്ട രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.


അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കി പണിത കോട്ടയെ അല്‍ഹൊസന്‍, പവിലിയന്‍, ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ്, ഖസര്‍ അല്‍ ഹൊസന്‍ ഫോര്‍ട്ട്, കള്‍ചറല്‍ ഫൗണ്ടേഷന്‍ എന്നീ നാലു വിഭാഗമാക്കി തിരിച്ചാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സ്വദേശികളുടെ പഴയകാല ജീവിതത്തിന്റെ ശേഷിപ്പുകളും അപൂര്‍വ ചിത്രങ്ങളും ദൃശ്യങ്ങളും നൂതന സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

പുരാതന ജനതയുടെ സംസ്‌കാരവും പൈതൃകവും മൂല്യങ്ങളും പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ഇവയില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ചടങ്ങില്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ ഡോ അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.