Kerala

ഡ്രൈവിങ് ലൈസൻസ് എങ്ങനെ ഡിജി ലോക്കറിൽ അപ്‍ലോഡ് ചെയ്യാം?

ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ആകുന്നില്ലെന്ന് പരാതി ധാരാളമുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുന്നു കേരള പൊലീസ്. ഡിജി ലോക്കര്‍ ആപ്പില്‍ ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

‘ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാല്‍ , ഡ്രൈവിങ് ലൈസന്‍സ് വിവരം ആപ്പിലേക്ക് നല്‍കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉപയോഗിച്ചാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്നതാണ്.

നമ്മുടെ ലൈസന്‍സ് നമ്പര്‍ AA/BBBB/YYYY എന്ന ഫോര്‍മാറ്റിലാണ് ഉണ്ടാകുക. ഇതേ ഫോര്‍മാറ്റില്‍ ഡിജിലോക്കറില്‍ എന്റര്‍ ചെയ്താല്‍ ലൈസന്‍സ് ഡിജിറ്റല്‍ കോപ്പി ലഭ്യമാകില്ല. ലൈസന്‍സ് നമ്പര്‍ KLAAYYYY000BBBB എന്ന ഫോര്‍മാറ്റിലേക്ക് മാറ്റുക.

ശ്രദ്ധിക്കുക, നടുവിലെ നമ്പറിനെ (BBBB) ‘7’ അക്കം ആക്കി മാറ്റണം (നമ്പറിന് മുന്നില്‍ പൂജ്യം ‘0’ ചേര്‍ത്ത് വേണം 7 അക്കമാക്കാന്‍). നടുവിലെ നമ്പര്‍ BBBB ആണെങ്കില്‍ 000BBBB എന്ന രീതിയിലാക്കണം. ഉദാഹരണത്തിന് നിങ്ങളുടെ ലൈസന്‍സ് നമ്പര്‍ 15/12345/2018 ആണെങ്കില്‍, അതിനെ KL1520180012345 എന്ന രീതിയില്‍ വേണം ഡിജിലോക്കറില്‍ ടൈപ്പ് ചെയ്യാന്‍. കൂടാതെ പഴയ ലൈസെന്‍സുകളില്‍ ജില്ലയെ സൂചിപ്പിക്കുന്ന അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങളായിരിക്കും ഉള്ളത്. ഉദാ: TR/1001/2006 എന്ന തൃശൂര്‍ ജില്ലയിലെ പഴയ ലൈസെന്‍സ് KL082006001001 എന്ന രീതിയില്‍ നല്‍കണം. ഇത്തരത്തില്‍ ലൈസന്‍സ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.’