Kerala

കൊച്ചി മെട്രോ; കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കാന്‍ 189 കോടി രൂപ വായ്പ അനുവദിച്ചു

കൊച്ചി മെട്രോയ്ക്ക് 189 കോടി രൂപയുടെ വായ്പ നല്‍കാന്‍ സന്നദ്ധമെന്ന് ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി അറിയിച്ചു. ആലുവാ, ഇടപ്പള്ളി, വൈറ്റില, പേട്ട ജംക്ഷനുകളിലെ കാല്‍നടയാത്രാ സൗകര്യങ്ങള്‍ നവീകരിക്കനാണ് തുക അനുവദിക്കുക. കൊച്ചി മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള തിരക്കേറിയ പാതകള്‍ കാല്‍നട യാത്രക്കാര്‍ക്ക് സഹായകമായ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നതിനാണ് ഫ്രഞ്ച് ഏജന്‍സി കൊച്ചി മെട്രോയ്ക്ക് വായ്പ നല്‍കന്‍ സന്നദ്ധത അറിയിച്ചത്.

189 കോടി രൂപയാണ് സഹായ വാഗ്ദാനം. ഫ്രഞ്ച് വികസന ഏജന്‍സി പ്രതിനിധികള്‍ രണ്ട് ദിവസമായി കൊച്ചിയിലുണ്ടായിരുന്നു. അഞ്ച് കോടി രൂപ ചെലവില്‍ കെഎംആര്‍എല്‍ ഇടപ്പള്ളി സ്റ്റേഷനു പുറത്തു നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫ്രഞ്ച് സംഘം തൃപ്തി പ്രകടിപ്പിച്ചു. കാല്‍ നട യാത്രക്കാര്‍ക്കായി ഇവിടെ പ്രത്യേക നടപ്പാതകള്‍ സജ്ജമാക്കിയിരുന്നു. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.

മറ്റു സ്റ്റേഷനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് സാന്പത്തിക സഹായം നല്‍കാമെന്നാണ് ഫ്രഞ്ച് സംഘം അറിയിച്ചിരിക്കുന്നത്. ആലുവാ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പേട്ട, എസ്.എന്‍. കവല തുടങ്ങിയ മെട്രോ സ്റ്റേഷനുകള്‍ക്ക് പുറത്തെ നടപ്പാതകളാവും നവീകരിക്കുക. കെഎംആര്‍എല്‍ നല്‍കുന്ന വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിലാവും തുക അനുവദിക്കുക.

അതിനായി വൈകാതെ പഠനം തുടങ്ങും. ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പാത നവീകരണ പദ്ധതി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനാവുമെന്നാണ് കൊച്ചി മെട്രോയുടെ പ്രതീക്ഷ. കഴിഞ്ഞ നാലുവര്‍ഷമായി കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.