Kerala

പമ്പ-നിലയ്ക്കല്‍ സര്‍വീസിന് ഇലക്ട്രിക് ഉള്‍പ്പെടെ 300 ബസുകള്‍

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസുകള്‍ കെ.എസ്.ആര്‍.ടി.സി. നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസുകളാണ്. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസുകള്‍ ഒരുതവണ ചാര്‍ജു ചെയ്താല്‍ 350 കിലോമീറ്റര്‍വരെ സഞ്ചരിക്കും.

പെരിയാര്‍ കടുവാ സംരക്ഷണ മേഖലയുടെ ഭാഗമായ നിലയ്ക്കല്‍, പമ്പ പ്രദേശങ്ങളില്‍ ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൂര്‍ണമായും ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസുകളെത്തിക്കുന്നത്. മണിക്കൂറില്‍ 120 കി.മീ. വരെ വേഗത്തില്‍ സഞ്ചരിക്കാം.

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പരമാവധി 60 കി.മീ. വേഗത്തില്‍വരെ ഇവയ്ക്ക് സഞ്ചരിക്കാം. വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ പൂര്‍ണമായി ഒഴിവാകും. ഇന്ധനച്ചെലവ് ഏറ്റവും കുറഞ്ഞതാകും.

ഇലക്ട്രിക് ബസുകള്‍ക്കു പുറമേ 250 ഓര്‍ഡിനറി ലോ ഫ്‌ളോര്‍ ബസുകളും 40 എ.സി. വോള്‍വോ ബസുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ടൂവേ ടിക്കറ്റുകള്‍ നിലയ്ക്കലിലെ കൗണ്ടറുകളില്‍നിന്ന് നല്‍കും. ബസില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടാകില്ല.

പമ്പയില്‍നിന്ന് നിലയ്ക്കലേക്ക് പോകേണ്ട തീര്‍ഥാടകര്‍ക്ക് വണ്‍വേ ടിക്കറ്റ് പമ്പയിലെ കൗണ്ടറില്‍ ലഭിക്കും. പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറായി ഡി.ഷിബുകുമാര്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി എം.വി.മനോജ്, റ്റി.സുനില്‍കുമാര്‍ എന്നിവരെ നിയോഗിച്ചു.