News

കേരള എക്‌സ്പ്രസിന് ആധുനിക റേക്ക്

കേരള എക്‌സ്പ്രസിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുത്തന്‍ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എന്‍ജിന്‍ ഒഴിച്ച് കോച്ചുകളെല്ലാം ചേരുന്ന ട്രെയിന്‍) ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ രണ്ടു റേക്ക് മാത്രമുള്ളതിനാല്‍ ന്യൂഡല്‍ഹിക്കു ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് ഉപയോഗിക്കുന്നത്. മടക്കയാത്ര ബുധന്‍, വെള്ളി ദിവസങ്ങളിലും


ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച്, സെപ്റ്റംബറില്‍ പുറത്തിറക്കിയതാണു കോച്ചുകള്‍. രണ്ടാം ക്ലാസ് റിസര്‍വേഷന്‍, രണ്ടാം ക്ലാസ് ത്രിടയര്‍ എസി കോച്ചുകളില്‍ എട്ടു ബര്‍ത്തുകള്‍ വീതം കൂട്ടിയിട്ടുണ്ട്. രണ്ടാം ക്ലാസില്‍ 72ല്‍ നിന്നു 80 ബര്‍ത്തായപ്പോള്‍ എസിയില്‍ 64ല്‍ നിന്നു 72 ആയി. 2ടയറില്‍ ഇനി 52 പേര്‍ക്കു സീറ്റ് കിട്ടും. ജനല്‍ ഷട്ടറുകള്‍ പൊക്കുന്നതിനു പകരം നീക്കുന്നവയാക്കി. ഉള്‍ഭാഗം വെള്ളം നിറമാക്കിയതിനാല്‍ നല്ല വെളിച്ചമുണ്ട്. എട്ടു ബര്‍ത്തുകളുടെ ഓരോ ക്യുബിക്കിളിലും നാലു മൊബൈല്‍ ചാര്‍ജര്‍ പോയിന്റുകളുണ്ടാവും.

ബര്‍ത്തുകള്‍ക്കിടയിലെ സ്റ്റാന്‍ഡ് ഒഴിവാക്കി. എല്‍ഇഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എല്ലാ കോച്ചുകളിലും രണ്ട് അഗ്‌നിശമന ഉപകരണങ്ങളും ഉണ്ട്. ഉപയോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ വാഷ്‌ബേസിനുകള്‍ക്കു കീഴില്‍ വേസ്റ്റ് ബിന്നും ഉണ്ട്. ശുചിമുറിയില്‍ ഫാസറ്റും ദ്രവീകൃത സോപ്പ് ട്രേയും വലിയ കണ്ണാടിയും മറ്റും ഏര്‍പ്പെടുത്തിയെങ്കിലും പൊതുവില്‍ ശുചിമുറിയുടെ വലുപ്പം കുറച്ചു.

മുകളില്‍ ചുവപ്പും താഴെ ചാരനിറവും നല്‍കിയ കോച്ചുകളുടെ ജനലുകള്‍ക്കും മറ്റും കറുത്ത നിറം നല്‍കി. എമര്‍ജന്‍സി ജനലുകള്‍ക്കു ചുവപ്പും. കൂടുതല്‍ റേക്ക് കിട്ടിയ ശേഷമേ എല്ലാ ദിവസവും ആധുനിക റേക്കില്‍ സര്‍വീസ് നടത്തൂ. പുതിയ റേക്കില്‍ രണ്ടാം ക്ലാസ് റിസര്‍വേഷന്‍ കോച്ചുകളുടെ എണ്ണം 12ല്‍ നിന്നു 10 ആക്കി. അതേ സമയം രണ്ടാം ക്ലാസ് ത്രിടയര്‍ എസി കോച്ചുകളുടെ എണ്ണം ആറാക്കി കൂട്ടി. തിരുവനന്തപുരം ഡിവിഷനില്‍ ചെന്നൈ മെയിലിന് ആറു മാസം മുന്‍പു പുതിയ റേക്ക് ഏര്‍പ്പെടുത്തിയിരുന്നു.