ദുബൈ പോലീസിന് ഇനി പറന്നിറങ്ങാം; പറക്കും ബൈക്ക് റെഡി
ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും.
കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബൈ പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത.
114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. വാഹനത്തിന്റെ സീറ്റിനും ഹാന്‍ഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പോകാം. 6000 മീറ്റര്‍ വരെ ഉയരത്തില്‍ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ യാത്രികനു സ്വയം ഓടിച്ചുപോകാം. ഭൂമിയില്‍നിന്നു നിയന്ത്രിക്കാനും ബൈക്കില്‍ സംവിധാനമുണ്ട്. ഇതുപയോഗിച്ച് ബൈക്കിന്റെ സഞ്ചാരപഥം നിരീക്ഷിക്കാനും അടിയന്തര ഘട്ടത്തില്‍ താഴെയിറക്കാനും കഴിയും. ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടാകും.
പറക്കും ബൈക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഓഫിസര്‍മാര്‍ക്കു പരിശീലനം ആരംഭിച്ചതായാണ് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യ ബൈക്കുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പറക്കും ബൈക്കുകളെത്തുന്നതോടെ റോഡപകടങ്ങള്‍ നടന്നാല്‍ ഗതാഗത തടസം പിന്നിട്ടെത്തുന്നതിനുള്ള താമസം ഒഴിവാകും. പൊലീസിന്റെ കണ്ണുവെട്ടിച്ചു കടക്കുന്നവരെ ഇനി നിമിഷങ്ങള്‍ക്കകം ദുബൈ പോലീസ് പറന്നു പിടിക്കുകയും ചെയ്യും.