ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി
ഓട്ടോ ടാക്‌സി നിരക്ക് വര്‍ധനയുണ്ടാകുമെന്ന് ഉറപ്പിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ അടങ്ങിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വര്‍ധനയേ ഉണ്ടാകു എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
ഓട്ടോ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ചാര്‍ജ്ജ് വര്‍ധനവിനെ സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പട്ടത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവണ്‍മെന്റ് സെക്രട്ടറിക്ക് സമര്‍പ്പിച്ചതായി മന്ത്രി പറഞ്ഞു. ഓട്ടോ ടാക്‌സി രംഗത്തുള്ളവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തലത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമാകും നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക.
2014 ലാണ് കേരളത്തിലെ ഓട്ടോ ടാക്‌സി മേഖലയില്‍ അവസാനമായി ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അതിന് ശേഷം ഇന്ധന വിലയില്‍ 22 മുതല്‍ 28 വരെ രൂപയുടെ വര്‍ധനവുണ്ടായി. ഇത് പൊതു ഗതാഗത മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് എത്തിച്ചെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് നിരക്ക് കഴിഞ്ഞ മാര്‍ച്ചില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഇന്ധന വില 64 രൂപയായിരുന്നു. എന്നാല്‍ ഇന്നത്തെ വില എണ്‍പത് രൂപയാണ്. കെഎസ്ആര്‍ടിസിക്ക് ദിവസം 11 മുതല്‍ 16 കോടി വരെ അധിക ചെലവ് ഉണ്ടാകുന്നുണ്ട്. വൈകാതെ ബസ് ചര്‍ജ്ജിലും നിരക്ക് വര്‍ധനയുണ്ടാകുമെന്ന സൂചനയാണ് മന്ത്രി മുന്നോട്ട് വച്ചത്.