News

യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിനി ആനകളുടെ പറുദീസ

സഞ്ചാരികളുടെ ആനന്ദത്തിനായി നടത്തുന്ന ആന സവാരിയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോളും പല ഭാഗത്തും ഇത് നടക്കുന്നുണ്ട്. എന്നാല്‍ വിയറ്റ്‌നാമില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത അങ്ങനെ അല്ല. വിയറ്റ്‌നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ധാരാളം സഞ്ചാരികള്‍ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആന സവാരിക്കായി എത്തിയിരുന്നു. എന്നാല്‍ തടങ്കലില്‍ വെച്ചിരുന്ന നാല് ആനകളെ അധികൃതര്‍ ഈ മാസം ആദ്യം തുറന്നു വിട്ടു. ഇനി ഈ ആനകള്‍ സന്ദര്‍ശകരെയും കൊണ്ട് സവാരി പോകില്ല. പാര്‍ക്കില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കാട്ടില്‍ സ്വതന്ത്രമായി നടക്കുന്ന ഈ ആനകളെ ഇനി ദൂരെ നിന്ന് കാണാം.

മുന്‍പ് രാജ്യത്തെ മറ്റു ആനകളെ പോലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആനകളെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ചില സമയങ്ങളില്‍ വെള്ളം പോലും അതിന് ലഭിച്ചിരുന്നില്ല. ഒരു ദിവസം ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും സഞ്ചാരികളെ ഭാരമുള്ള കോട്ടകളില്‍ ചുമന്നുകൊണ്ട് ആനകള്‍ സവാരി നടത്തുമായിരുന്നു.

തെക്കേ വിയറ്റ്‌നാമിന്റെ കംബോഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് യോക് ഡോണ്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പുലി, കുരങ്, പാമ്പ്, കേഴമാന്‍, റെഡ് വോള്‍ഫ് എന്നിവ ഇവിടെയുണ്ട്. ആനിമല്‍ ഏഷ്യ എന്ന ക്യാമ്പയിനുമായി ചേര്‍ന്ന് പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു. ചൈനയിലെയും വിറ്റ്‌നാമിലേയും മൃഗങ്ങളുടെ ക്ഷേമത്തിനും ടൂറിസത്തിനും വേണ്ടിയാണ് ആനിമല്‍ ഏഷ്യ പ്രവര്‍ത്തിക്കുന്നത്. 13 ജൂലൈയിലാണ് ക്യാമ്പയിനുമായി പാര്‍ക്ക് കരാര്‍ ഒപ്പിട്ടത്. 2023 ഏപ്രില്‍ വരെയാണ് കരാറിന്റെ കാലാവധി.

‘ ഈ പദ്ധതി പാര്‍ക്കിലെ ആനകളുടെ ജീവിതം തന്നെ മാറ്റിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഒരു പ്രത്യേക അനുഭവമാണ് പാര്‍ക്ക് നല്‍കുന്നത്. ഈ പദ്ധതി ലോകത്തെ മറ്റു പലയിടത്തും നടപ്പിലാക്കാവുന്നതാണ്. ഇപ്പോള്‍ അവിടുത്തെ ആനകള്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. വളരെ സ്വാതന്ത്രത്തോടെയാണ് അവര്‍ കാട്ടില്‍ അലഞ്ഞു നടക്കുന്നത്.’- ആനിമല്‍ ഏഷ്യയുടെ ആനിമല്‍ വെല്‍ഫയര്‍ മാനേജരായ ഡിയൊന്നെ സ്ലാറ്റര്‍ പറഞ്ഞു.

ബണ്‍ ഖാം, വൈ’ഖുന്‍, എച്’നോണ്‍ എന്നീ മൂന്ന് പിടി ആനകളും തോങ് ങ്ങാന്‍ എന്ന കാളയുമാണ് സ്വാതന്ത്രമായത്. കാട്ടിലുള്ള മറ്റ് ആനകളെ പോലെ ഇവരും മാറി കഴിഞ്ഞു. ഇതുമൂലം പാര്‍ക്കിന് ഉണ്ടായ നഷ്ടവും പാപ്പാന്‍മാര്‍ക്ക് തുടര്‍ന്ന് ജോലി ചെയ്യാനുമുള്ള സഹായവും യു.കെയിലെ ഓള്‍സെന്‍ ആനിമല്‍ ട്രസ്റ്റ് നല്‍കും. ആന സവാരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകള്‍ മനസിലാക്കി തുടങ്ങി. നിരവധി സഞ്ചാരികള്‍ ആന സവാരികളില്‍ നിന്നും പിന്മാറുന്നു. പല ടൂര്‍ ഓപ്പറേറ്ററുകളും ഇത് നിരോധിച്ചിട്ടുണ്ട്.

കാട്ടില്‍ നിന്നും വേട്ടയാടിയാണ് ആനക്കുട്ടികളെ പിടിച്ചു പരിശീലിപ്പിച്ച് സവാരിക്കും, പെയിന്റിങിനും മറ്റു പരിപാടികള്‍ക്കും ഉപയോഗിക്കുന്നത്. വേട്ടയാടി പിടിച്ചതിന് ശേഷം ഇവരെ ഒരാഴ്ചത്തോളം ഭക്ഷണം കൊടുക്കാതെയും അടിച്ചും ആണ് പഠിപ്പിക്കുന്നത്. ഇപ്പോള്‍ വിയറ്റ്‌നാമില്‍ ഏകദേശം 65 മുതല്‍ 95 ആനകള്‍ മാത്രമാണുള്ളത്.

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ആനകളുടെ എണ്ണം കുറഞ്ഞു വരുകയാണ്. 1980-ല്‍ ഏകദേശം 2000 ആനകള്‍ ഉണ്ടായിരുന്നു. 2015-ല്‍ ആനകള്‍ മരിച്ചപ്പോള്‍ വിയറ്റ്‌നാമിലെ ആന സവാരി വ്യവസായം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ലോകത്തെ പല സ്ഥലങ്ങളിലും ആന സവാരിയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി ക്യാമ്പയിനുകളും നടന്നു. വിയറ്റ്‌നാമിലെ യോക് ഡോണിലെ ഈ പുതിയ പദ്ധതി ഞങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് റെസ്‌പോണ്‍സിബിള്‍ ട്രാവല്‍ പറഞ്ഞു.