Kerala

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡുമായി കെ ടി ഡി സി

സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും.

KTDC Samudra, Kovalam

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും.

വ്യക്തിഗത അംഗത്വത്തിന് നികുതി ഉള്‍പ്പെടെ പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ അംഗത്വത്തിന് 15 ലക്ഷം രൂപയുമാണ് ഫീസായി ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് കണ്‍വെന്‍ഷനുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള മുഖ്യ അന്തര്‍ദേശീയ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു.

ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള നൂതനാശയമെന്ന നിലയില്‍ ഈ പദ്ധതിക്ക് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മികച്ച പ്രതികരണം ഉളവാക്കാന്‍ സാധിക്കുമെന്ന് കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍ പറഞ്ഞു.

KTDC Tea County, Munnar

പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡ് പ്രകാരം വര്‍ഷത്തിലൊരിക്കല്‍ കെടിഡിസിയുടെ കീഴിലുള്ള ഏതെങ്കിലും ഒരു ഹോട്ടലില്‍ രണ്ട് മുതിര്‍ന്നവര്‍ക്കും 12 വയസ്സിനു താഴെയുള്ള രണ്ട് കുട്ടികള്‍ക്കും ഏഴ് രാത്രികളില്‍ സൗജന്യ താമസവും നിശ്ചിത ഇളവോടെ ഭക്ഷണവും ലഭ്യമാക്കും. സന്ദര്‍ശന വേളയില്‍ കൂടുതല്‍ മുറികള്‍ ആവശ്യമായി വരുന്നവര്‍ക്ക് മുറികളുടെ വാടക, ഭക്ഷണ- പാനീയം, ആയൂര്‍വേദ സ്പാ എന്നിവയില്‍ 40 ശതമാനം ഇളവ് ലഭിക്കും.

കാര്‍ഡുടമ ഉപയോഗിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം മറ്റൊരു വ്യക്തിക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. അത്തരം സാഹചര്യങ്ങള്‍ കെടിഡിസിയെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. അതിനനുസരിച്ച് മുറികള്‍ അനുവദിക്കും.

കാര്‍ഡുടമയ്ക്കും മറ്റ് പത്തുപേര്‍ക്കും ഭക്ഷണത്തിന് 40 ശതമാനം ഇളവ് നല്‍കും. ഭക്ഷണ-പാനീയങ്ങള്‍ക്ക് 40 ശതമാനവും മദ്യത്തിന് 20 ശതമാനവും ഇളവ് കെടിഡിസിയുടെ പ്രധാന കേന്ദ്രങ്ങളിലെ ഏതെങ്കിലും ഒരു ഔട്ട്‌ലെറ്റില്‍ നിന്ന് ഒറ്റത്തവണയായി ലഭിക്കും. പത്ത് അംഗങ്ങളില്‍ കൂടുതലുള്ള സംഘമാണെങ്കില്‍ കാര്‍ഡ് ഉടമയ്ക്ക് ഭക്ഷണ-പാനീയങ്ങള്‍ക്കും മദ്യത്തിനും 20 ശതമാനം ഇളവ് ലഭിക്കും. ഏഴ് രാത്രികള്‍ക്ക് പുറമേയുള്ള താമസത്തിന് 50 ശതമാനം ഇളവു ലഭിക്കും. ഈ താമസക്കാലത്ത് അധിക മുറികള്‍ ആവശ്യമെങ്കില്‍ അവയുടെ വാടകയില്‍ 40 ശതമാനം ഇളവു നല്‍കും.

കാര്‍ഡുടമകളുടെ രണ്ടു മക്കളുടെ വിവാഹത്തിനായി കെടിഡിസിയുടെ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ 50 ശതമാനം ഇളവ് ലഭിക്കും. മറ്റു ചടങ്ങുകള്‍ക്കായി കണ്‍വെന്‍ഷന്‍ സെന്റര്‍ ഉപയോഗിക്കുന്നതിന് 10 ശതമാനവും ഇളവും മക്കള്‍ക്ക് വിവാഹശേഷം ആറുമാസത്തിനുള്ളില്‍ രണ്ടു ദിവസത്തെ സൗജന്യ താമസത്തിനുള്ള അവസരവും ലഭിക്കും.

KTDC Mascot hotel, Thiruvananthapuram

ഹോട്ടല്‍ താമസത്തിനിടെ ബോര്‍ഡ് റൂം, ഇന്റര്‍നെറ്റ്, ബിസിനസ് സെന്റര്‍, ജിംനേഷ്യം, പൂള്‍ എന്നിവ സൗജന്യമാണ്. യാത്രകള്‍ക്കിടെ നാലുമണിക്കൂറില്‍ താഴെ തങ്ങുന്നതിന് കേരളത്തിലുടനീളമുള്ള ടാമറിന്‍ഡ് ഈസി ഹോട്ടലുകളും മോട്ടലുകളും സൗജന്യമായിരിക്കും. കാര്‍ഡുടമയുടെ മരണാന്തരം ജീവിത പങ്കാളിക്ക് അംഗത്വം കൈമാറാവുന്നതാണ്. എന്നാല്‍ പുനഃര്‍വിവാഹം ചെയ്യുന്നവര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല.

രജിസ്റ്റര്‍ ചെയ്യുന്ന ദിവസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് സ്ഥാപനങ്ങളുടെ അംഗത്വകാലാവധി. ഈ വിഭാഗത്തിലുള്ളവര്‍ക്ക് അംഗത്വം കൈമാറ്റം ചെയ്യാനാവില്ല. കമ്പനിക്കോ സ്ഥാപനത്തിനോ ഒരു വര്‍ഷം രണ്ടു വ്യക്തികളെ നാമനിര്‍ദേശം ചെയ്യാം. ഇവരെ നിലനിര്‍ത്തുന്നതിനോ പുതിയ രണ്ടു പേരെ നാമനിര്‍ദേശം ചെയ്യുന്നതിനോ ഉള്ള ഉത്തരവാദിത്വം കമ്പനിക്കായിരിക്കും. ഈവിഭാഗം അംഗങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററുകളുടെ ഉപയോഗത്തില്‍ ഇളവുകളോ, മക്കള്‍ക്ക് സൗജന്യ താമസമോ, അംഗത്വ കൈമാറ്റമോ ലഭിക്കില്ലെങ്കിലും പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡ് ഉടമയ്ക്കുള്ള മറ്റെല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും.

മുറികളുടെ വാടകയില്‍ 35 ശതമാനവും ഭക്ഷണ-പാനീയ- ആയൂര്‍വേദ സ്പാ സൗകര്യങ്ങളില്‍ 20 ശതമാനവും കെടിഡിസിയുടെ പ്രീമിയം സെഗ്മെന്റില്‍ സ്ഥാപനങ്ങള്‍ക്ക് ഇളവ് ലഭിക്കും. മറ്റു കെടിഡിസി സ്ഥാപനങ്ങളില്‍ മുറികളുടെ വാടകയില്‍ 20 ശതമാനവും ഭക്ഷണ പാനീയങ്ങളിലും ആയൂര്‍വേദ സ്പായിലും 10 ശതമാനവും ഇളവും ലഭിക്കും.

ബിയര്‍പാര്‍ലറുകളിലല്ലാതെ സ്ഥാപനങ്ങള്‍ക്ക് മദ്യത്തിന് പത്തുശതമാനവും 15 അംഗങ്ങള്‍ക്ക് ഡൈനിംഗ് ഏരിയയില്‍ ഭക്ഷണ പാനീയത്തിന് 20 ശതമാനവും 15 അംഗങ്ങളില്‍ കൂടുതല്‍ പേരായാല്‍ 10 ശതമാനവും ഇളവ് ലഭിക്കും. കണ്‍വെന്‍ഷന്‍ സെന്റര്‍ വാടകയില്‍ 10 ശതമാനം ഇളവും സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യം മുന്‍കൂറായി മെയില്‍ ചെയ്ത് അറിയിക്കണം.