Kerala

ചെമ്പ്രമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു

ചെമ്പ്ര മലയിലേക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്രെക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലില്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ചെമ്പ്ര മലയിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പച്ചപ്പ് വീണ്ടുമെത്തിയതോടെ സഞ്ചാരികളെ വീണ്ടും ക്ഷണിച്ചു. ജൂണില്‍ കനത്ത മഴ വീണ്ടും വഴിമുടക്കിയായി. പ്രളയവും പിന്നാലെയെത്തി. പത്തുമാസത്തിന് ശേഷം പാതകളെല്ലാം താല്‍ക്കാലികമായെങ്കിലും ശരിയാക്കി ഹൃദയ തടാകത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് വയനാട് ടൂറിസം അധികൃതര്‍.

മലമുകളിലെ ഹൃദയതടാകം കാണാന്‍ നിരവധി പേരെത്തുന്നുണ്ടെങ്കിലും പ്രവേശനം കര്‍ശന നിബന്ധനകളോടെ മാത്രമാണ്. ഒരു ദിവസം 20 ഗ്രൂപ്പുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 200 പേരെ വരെ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളൂ.

രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശനകര്‍ക്ക് അനുമതി. ഉച്ചക്ക് 12 വരെ മാത്രമേ ട്രക്കിങിന് അനുമതിയുള്ളൂ. ഇവരെ സഹായിക്കാന്‍ പത്ത് സ്ഥിരം ഗൈഡുകളും 30 താല്‍ക്കാലിക സഹായികളും ഉണ്ടാകും. അടുത്ത മാസം മുതല്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് അധികൃതരുടെ പദ്ധതി.

മുമ്പ് ഒരു ദിവസം ആയിരം പേരോളം ഈ മലനിരയില്‍ സാഹസിക വിനോദ സഞ്ചാരത്തിന് എത്തിയിരുന്നു. കൂടുതല്‍ സഞ്ചാരികള്‍ എത്തുമ്പോള്‍ ഇവരെ നിരീക്ഷിക്കുന്നതും വനംവകുപ്പിന് പ്രയാസമുണ്ടാക്കിയിരുന്നു. വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണത്തിന് വിധേയമായി മാത്രമാണ് ഇനി മുതല്‍ സഞ്ചാരികള്‍ക്ക് ഈ മലനിരകളില്‍ പ്രവേശിക്കാനാവുക.

സൗത്ത് വയനാട് വനം ഡിവിഷനാണ് ചെമ്പ്ര മലയിലേക്കുള്ള സാഹസിക വിനോദ സഞ്ചാരം നടത്തുന്നതിനുള്ള ചുമതല. വനസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണ് പ്രവേശനം അനുവദിക്കുക. പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ മൂല്യങ്ങള്‍ നിര്‍ബന്ധമായും സഞ്ചാരികള്‍ പാലിക്കണമെന്നാണ് വനംവകുപ്പിന്റെ അഭ്യര്‍ഥന.

ചെമ്പ്രമലയിലേക്ക് എത്താന്‍

വയനാട്ടിലേക്കുള്ള പ്രവേശനകവാടമായ ലക്കിടി കടന്ന് ദേശീയപാത 212-ലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചുണ്ടേല്‍ ടൗണിലെത്താം. വലത് ഊട്ടി റൂട്ടിലേക്ക് തിരിഞ്ഞ് 10 കിലോമീറ്റര്‍ പോയാല്‍ മേപ്പാടിയെത്തും. വലത്തേയ്ക്കുള്ള ചെറിയ വഴിയിലേക്ക് തിരിയുക. നാല് കിലോമീറ്റര്‍ പൊട്ടിപ്പൊളിഞ്ഞ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിച്ച് ടിക്കറ്റ് കൗണ്ടറിലെത്താം. ടിക്കറ്റ് എടുത്ത ശേഷം മൂന്നു കിലോമീറ്റര്‍ കൂടി പോകണം, ചെമ്പ്ര കാഴ്കള്‍ക്കായുള്ള കാല്‍നടയാത്രയ്ക്കുള്ള പ്രവേശനകവാടത്തിലെത്താന്‍