News

താമസം എന്‍സോ അങ്ങോയിലാണോ? എങ്കില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ 10 മിനുട്ട് നടക്കണം

ജപ്പാനിലെ ക്യോട്ടോയിലെ പ്രാദേശിക ജീവിതത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് കൈവരുന്നത്. എന്‍സോ അങ്ങോ  എന്ന ‘ചിതറിയ’ ഹോട്ടലിലെ ജീവിതം സഞ്ചാരികള്‍ക്ക് ഒരു അനുഭവം തന്നെയായിരിക്കും.
ഉദ്ദാഹരണത്തിന് എന്‍സോ അങ്ങോയില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. കാരണം, ഹോട്ടലിലെ ബെഡ്റൂമില്‍ നിന്നും പത്തു മിനിറ്റ് നടക്കേണ്ടി വരും ബാറില്‍ എത്തണമെങ്കില്‍. പ്രാതല്‍ കഴിക്കാന്‍ അഞ്ചു മിനിറ്റ് നടന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകണം. ക്യോട്ടോയിലെ അഞ്ചു പ്രധാന സ്ഥലങ്ങളിലാണ് എന്‍സോ അങ്ങോ ‘ചിതറിയ’ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ക്യോട്ടോയിലെ സംസ്‌കാരവും ജീവിതരീതിയും അതിഥികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനൊരു ആശയം എന്‍സോ അങ്ങോ കൊണ്ടു വന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാറി ഗോജോ, ഷിജോയിന്റെ ഇടയിലുള്ള മെയിന്‍ റോഡിലാണ് എന്‍സോ അങ്ങോ സ്ഥിതി ചെയ്യുന്നത്.
റിയോസൊകിന്‍ ക്ഷേത്രത്തിലെ ബുദ്ധ സന്യാസിമാരുടെ സെന്‍ മെഡിറ്റേഷന്‍ ക്ലാസുകള്‍, ഒബന്‍സായി പാചക ക്ലാസുകള്‍, പ്രാദേശിക കലാകാരന്മാരുടെ സംവാദങ്ങള്‍, തട്ടമി മാറ്റ് വര്‍ക്ഷോപ്, കാമോഗവാ നദിയിലൂടെയുള്ള യാത്ര എന്നിവയെല്ലാം സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജപ്പാനിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും ആര്‍ട്ടിസ്റ്റുകളാണ് കെട്ടിടങ്ങള്‍ പരമ്പരാഗതമായും സമകാലീന രീതിയില്‍ രൂപകല്പന ചെയ്തത്. യൂണിഫോമുകള്‍, ഫര്‍ണിച്ചറുകള്‍, അകത്തളത്തെ പൂന്തോട്ടങ്ങള്‍ (സുബോനിവാ-ക്യോട്ടോയിലെ എല്ലാം വീടുകളിലും സാധാരണമായി കാണാവുന്ന പൂന്തോട്ടം) അങ്ങനെ എല്ലാം ഇവരാണ് രൂപകല്‍പന ചെയ്തത്.
ഏകദേശം 8650 രൂപ ആണ് ഒരു രാത്രി ഇവിടെ താമസിക്കുന്നതിന് വേണ്ടി വരുന്നത്. ഓരോ കെട്ടിടത്തിനും റൂമിനും പല വാടകയാണ്. ടോമി കക കെട്ടിടത്തിലാണ് റെസ്റ്റോറന്റുള്ളത്. ഫുയ ക കെട്ടിടത്തില്‍ തടി കൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത മച്ചിയാ വീടുകള്‍, ഗാല്ലറി എന്നിവ ഉണ്ട്. ഫുയ കക ആണ് ഏറ്റവും വലിയ കെട്ടിടം. ഒരു ടീ റൂം, മെഡിറ്റേഷനും യോഗയ്ക്കും വേണ്ടി തട്ടമി മാറ്റ് സലൂണ്‍, ജിം എന്നിവ ഇവിടെയുണ്ട്. ടോമി കല്‍ അടുക്കള, ലൗഞ്ച് റൂം എന്നിവ കാണാം. യമാറ്റോ ക ആണ് ഏറ്റവും ചെറിയ കെട്ടിടം. ബാര്‍ ഈ കെട്ടിടത്തിലാണുള്ളത്.
ഇറ്റലിയിലാണ് ‘ചിതറിയ’ ഹോട്ടല്‍ എന്ന ആശയം ആദ്യം ആവിഷ്‌ക്കരിച്ചത്. ആല്‍ബെര്‍ഗി ഡിഫുസി എന്നാണ് ഇറ്റലിയില്‍ ഇത് അറിയപ്പെടുന്നത്. പാതി ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ക്ക് ഒരു പുതുജീവനാണ് ഈ ആശയം നല്‍കിയത്. സ്ലോവേനിയ, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, സ്വിസര്‍ലണ്ടിലും ഇപ്പോള്‍ ഈ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വിസര്‍ലണ്ടിലെ കോരിപ്പൊയിലെ ഒരു മലയോര ഗ്രാമമാണ് ഇപ്പോള്‍ ‘ചിതറിയ’ ഹോട്ടല്‍ ആക്കിയിരിക്കുന്നത്. ഈ ഗ്രാമത്തില്‍ ഏകദേശം മുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നു. ഇത് 12 പേര് മാത്രമായി ചുരുങ്ങിയിരുന്നു, അതില്‍ 11 പേരും 65 കഴിഞ്ഞവര്‍. ജൂലൈ 2018-ല്‍ ആദ്യത്തെ രണ്ട് ബെഡ്‌റൂം കോട്ടേജ് ആയ കാസ ആര്‍ക്കോട്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2020-ഈസ്റ്ററില്‍ മറ്റു ഹോട്ടല്‍ ആരംഭിക്കും.