Places to See

ഗ്രാന്‍േഡെ മോട്ടേ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ കാര്‍

സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരം കൂടിയ ലോകത്തെ ആദ്യത്തെ കേബിള്‍ കാര്‍ റൂഫ് ടെറസ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. കടല്‍ നിരപ്പില്‍ നിന്നും 3500 മീറ്റര്‍ മുകളിലാണ് ഈ കേബിള്‍ കാര്‍. ഇനി വിനോദസഞ്ചാരികള്‍ക്ക് ഗ്രാന്‍ഡെ മോട്ടേ കേബിള്‍ കാറിന്റെ മുകളില്‍ ഇരുന്ന് സഞ്ചരിക്കുകയും, ആല്‍പ്‌സിന്റെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം.

കേബിള്‍ കാറില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പടി ആളുകളെ മുകളിലേക്ക് എത്തിക്കുന്നു. സുരക്ഷക്കായി ഗ്ലാസ്സ് കൊണ്ട് ഒരു മതില്‍ കെട്ടിയിട്ടുണ്ട്. മുകളില്‍ 360 ഡിഗ്രി കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞു മൂടി കിടക്കുന്ന ഗ്രാന്‍ഡെ കാസ്സെ, മോണ്ട് ബ്ലാക് മലകളുടെ അതിമനോഹര കാഴ്ച്ച എന്നിവ ഈ യാത്രയില്‍ ആസ്വദിക്കാം.

ആല്‍പ്‌സിലുള്ള പല റിസോര്‍ട്ടുകളെക്കാളും ഉയരത്തിലാണ് ഈ കേബിള്‍ കാറിന്റെ ബേസ് സ്റ്റേഷന്‍. 3,456 മീറ്റര്‍ മുകളിലാണ് ഏറ്റവും ഉയരമുള്ള സ്റ്റേഷന്‍. ചമോണിക്‌സില്‍ സ്ഥിതി ചെയ്യുന്ന അഗില്ലേ ഡി മിഡി കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറാണ് തെക്കന്‍ ഫ്രാന്‍സിലെ ഗ്രാന്‍ഡെ മോട്ടേ. യാത്രക്കാര്‍ ഫണികുലാര്‍ കേറി വേണം ബേസ് സ്റ്റേഷനില്‍ എത്താന്‍.

145 കോടി രൂപ ചിലവുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ കേബിള്‍ കാര്‍ മോഡല്‍. അടുത്ത രണ്ടു വര്‍ഷത്തില്‍ സഞ്ചാരികള്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കാന്‍ പോകുന്നത്. അവിടുത്തെ നാഷണല്‍ പാര്‍ക്കിനെ കുറിച്ചും സ്ഥലത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങുന്ന ബോര്‍ഡും അവിടെ സ്ഥാപിക്കും.

കേബിള്‍ കാറും അതോടൊപ്പം ഉള്ള വികസനങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് ടിഗ്നിസ് ഗ്രാമത്തിന്റെ പ്രതീക്ഷ. ശീതകാലത്തില്‍ കേബിള്‍ കാര്‍ യാത്ര ഉത്തമമല്ല. തണുപ്പ് കാലത്ത് കേബിള്‍ കാറിന്റെ റൂഫ് ടെറസ് അടക്കും. സുരക്ഷാ പ്രശ്‌നം കാരണമാണ് ഇത് അടക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.