India

ബെംഗ്ലൂരുവില്‍ കാണേണ്ട ഇടങ്ങള്‍

പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം.


എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം.

ശ്രീരംഗപട്ടണ

ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്‌കാരികമായും ഒക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീര്‍ക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍

ബിലിഗിരിരംഗാ ഹില്‍സ്

ബെംഗളുരു നഗരത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹില്‍സ് പ്രകൃതിഭംഗിക്ക് പേരുകേട്ട സ്ഥലമാണ്. പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും തമ്മില്‍ യോജിക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബിലിഗിരിരംഗാ ഹില്‍സ് സത്യമംഗലം വന്യജീവ സങ്കേതത്തോട് ചേര്‍ന്നാണുള്ളത്. ബിലിഗിരിരംഗാ ഹില്‍സിനോട് ചേര്‍ന്നാണ് ഈ സ്ഥലത്തിന് പേരു വന്ന ബിലിഗിരിരംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സോംനാഥ്പൂര്‍

കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരമായ ക്ഷേത്രനഗരങ്ങളിലൊന്നാണ് സോംനാഥ്പൂര്‍. നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രസന്ന ചെനന്‌കേശവ ക്ഷേത്രമാണ് അതില്‍ ഏറ്റവും ആകര്‍ഷണീയമായത്. ഹൊയ്‌സാല രാജവംശത്തിന്റെ ഏറ്റവും മഹനീയമായ ക്ഷേത്ര മാതൃകകളാണ് ഇവിടെ കാണുവാന്‍ സാധിക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഹോഴ്സ്ലി ഹില്‍സ്

ബെംഗളുരുവില്‍ നിന്നും ഇത്തിരി അകലെ അങ്ങ് ആന്ധ്രാപ്രദേശിലാണ് ഹോഴ്‌സിലി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രയിലെ അപൂര്‍വ്വമായ ഹില്‍ സ്റ്റേഷനുകളിലൊന്നുകൂടിയാണിത്. പച്ചപുതച്ച കുന്നുകളും മലനിരകളും പ്രസന്നമായ കാലാവസ്ഥയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.

ലേപാക്ഷി

ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ആന്ധ്രാ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ക്ഷേത്രമാണ് ലേപാക്ഷി. വിജയനഗര സാമ്രാജ്യത്തിന്റെ അതിമനോഹരമായ മറ്റൊരു നിര്‍മ്മാണ രീതിയാണ് ഇവിടുത്തെ ആകര്‍ഷണം. വായുവില്‍ നില്‍ക്കുന്ന തൂണുകളും നന്ദി പ്രതിമയും ഒക്കെ ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്.

യേലാഗിരി ഹില്‍സ്

അവധി ദിവസങ്ങള്‍ ഇത്തിരി അടിപൊളിയായി ആഘോഷിക്കാം എന്നു താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് യേലാഗിരി. ബെംഗളുരുവില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ്. വ്യൂ പോയിന്റുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകള്‍.