Kerala

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുത്തു

രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കമാന്‍ഡന്റ് എം.ജെ.ഡാനിയേല്‍ ധന്‍രാജിന്റെ നേതൃത്വത്തില്‍ 50 സിഐഎസ്എസ് ഉദ്യോഗസ്ഥരാണ് നിലവില്‍ വിമാനത്താവളത്തിലുളളത്.

സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു.

സന്ദര്‍ശകര്‍ക്ക് അനുമതി അവസാനിച്ച ഒക്ടോബര്‍ 14 വരെ സിഐഎസ്എഫും തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ വിമാനത്താവളവും പരിസരപ്രദേശങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിചയപ്പെട്ടു.

വിമാനത്താവളം ഉദ്ഘാടനം നടക്കുമ്പോഴേക്കും 300 സിഐഎസ്എഫുകാര്‍ ടെര്‍മിനല്‍ കവാടം മുതല്‍ സുരക്ഷയൊരുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കാനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്.

കൂത്തുപറമ്പ് വലിയ വെളിച്ചത്താണ് ഇപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് താത്കാലികമായി താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ബാരകിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് മാറും.

സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനും പ്രവര്‍ത്തനം ആരംഭിക്കും. കണ്ണൂര്‍, തലശേരി നഗരങ്ങളില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലാണ് വിമാനത്താവളം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതും പരിസ്ഥിതി പ്രശ്നം ഇല്ലാത്തതുമായ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണിത്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം നിര്‍ത്താം. മൂന്ന് കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ളതാണ് റണ്‍വേ.