Middle East

ഡ്രൈവറില്ലാ ടാക്‌സി ദുബൈ നിരത്തുകളിലേക്ക്

മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി. വിവിധ സ്മാര്‍ട്ട് സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ടാക്‌സിയും ഞായറാഴ്ച തുടങ്ങുന്ന ജൈറ്റെക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു.

ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സി രൂപകല്‍പന ചെയ്തത്. പരീക്ഷണഘട്ടത്തില്‍ ദുബായ് സിലിക്കണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളില്‍ കൂടിയാകും ഡ്രൈവറില്ലാ ടാക്‌സിയുടെ യാത്ര.

ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.

ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്‌സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.