Middle East

യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ സഹായമില്ലാതെ യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും.

വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ നടന്നു പോകുമ്പോള്‍ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍. അതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐ.ഡിയോ ആവശ്യമില്ല.

മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം. ടണലില്‍ പ്രവേശിക്കുമ്പോള്‍ യാത്രക്കാരുടെ കണ്ണ് സെന്‍സ് ചെയ്തതിന് ശേഷമാകും ടണലിലൂടെയുള്ള യാത്ര അനുവദിക്കുന്നത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും റെക്കോര്‍ഡ് വര്‍ധനയാണുള്ളത്. നടപടികള്‍ കൂടുതല്‍ വേഗത്തിലാകുന്നതിന്റെ ഭാഗമായാണ് നൂതന സംവിധാനമായ സ്മാര്‍ട്ട് ടണല്‍ ഏര്‍പ്പെടുത്തിയത്.

ടെര്‍മിനല്‍ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാര്‍ച്ചര്‍ ഭാഗത്താണ് സ്മാര്‍ട്ട് ടണല്‍ തുറന്നത്. പരീക്ഷണഘട്ട ഉദ്ഘാടനം റെസിഡന്‍സ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി നിര്‍വഹിച്ചു.

നാല് വര്‍ഷമായി ദുബൈയില്‍ ഈ ആശയം പരീക്ഷിച്ച് വരികയായിരുന്നു. തികച്ചും യു.എ.ഇ നിര്‍മിതമായ സ്മാര്‍ട്ട് ടണല്‍ വിജയത്തിലേക്ക് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. ടണലിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് യാത്ര പോകുന്ന രാജ്യത്ത് ഉപയോഗിക്കാന്‍ ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.