Kerala

ആര്‍ഭാടമൊഴിവാക്കി ചലചിത്രമേള നടത്തും; ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ ആയിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ചെലവ് ചുരുക്കിയാവും ഇക്കുറി മേള നടത്തുകയെന്നും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാവില്ലെന്നും മന്ത്രി ബാലന്‍ അറിയിച്ചു.

സംസ്ഥാന ഖജനാവിന് ബാധ്യത ഇല്ലാത്ത വിധം മേള നടത്താനായി പത്ത് ലക്ഷം രൂപയുടെ സമഗ്ര സംഭാവനാ പുരസ്‌കാരമാണ് ഇത്തവണ റദ്ദാക്കിയിരിക്കുന്നത്. അന്തര്‍ദേശീയ ജൂറിക്ക് പകരം ഇത്തവണ ദക്ഷിണേന്ത്യന്‍ ജൂറി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള.

പ്രളയക്കെടുതിയുടെയും സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന്റെയും പശ്ചാത്തലത്തില്‍ മേള ഉപേക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ മേള ഉപേക്ഷിക്കരുതെന്നുള്ള ആവശ്യം സിനിമാ മേഖലയിലെ പ്രമുഖരില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. പിന്നാലെയാണ് ചെലവ് ചുരുക്കിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും ചലച്ചിത്ര മേള നടത്താനുള്ള തീരുമാനം. ഇതിന്റെ ഭാഗമായാണ് ഡെലിഗേറ്റ് ഫീസ് 2000 രൂപ ആക്കിയിരിക്കുന്നത്.