Places to See

ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചായക്കട

YND239-20 കേള്‍ക്കുമ്പോള്‍ തോന്നും രഹസ്യ കോഡാണെന്ന്. എന്നാല്‍ ഇതൊരു കഫേയുടെ പേരാണ്. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സിയോളയിലാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്.


വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ ലോകത്ത് എത്തപ്പെട്ടതായി തോന്നും. ഒരു മായക്കാഴ്ചയാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന ഇസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ കഫേ ഒരുപാട് ഇഷ്ടപ്പെടും. കഫേയുടെ അകത്തളം മുഴുവനും വെള്ളയാണ് പൂശിയിരിക്കുന്നത്. കറുപ്പ് നിറം കൊണ്ടാണ് ഓരോ വസ്തുക്കളും വരച്ചിരിക്കുന്നത്. കഫേയ്ക്കുള്ളിലെ ഫര്‍ണ്ണിച്ചറുകളും മറ്റ് വസ്തുക്കളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ശൈലിയിലാണ് പിന്‍തുടരുന്നത്.

സിയോള്‍ മേല്‍വിലാസമായ ലാം-ഡോംങ് 239-20ല്‍ നിന്നാണ് കഫേയുടെ പേര് കണ്ടെത്തുന്നത്.
കഫേയുടെ മാര്‍ക്കറ്റിംഗ് മാനേജരായ ജെസ് ലീ പറഞ്ഞു. അതിഥികള്‍ക്ക് മറക്കാനാകാത്ത നല്ല ഓര്‍മ്മകളാണ് ഈ കഫേ നല്‍കുന്നത്. ‘കഫേയില്‍ വരുന്നവരൊക്കെ നിരവധി ചിത്രങ്ങളാണ് എടുക്കുന്നത്. ഇത് ഞങ്ങളുടെ കഫേയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഫേകളുടെയും ആര്‍ട്ട് ഗാലറികളുടെയും പൊതുസ്ഥലങ്ങളുടേയും ‘ഇന്‍സ്റ്റഗ്രാമിഫിക്കേഷന്‍’ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ബിസിനസ് സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ പ്രചരണം നേടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ബിസിനസിന്റെ വിജയമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ YND239-20 -ന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പുതിയ ഫ്രാഞ്ചെയ്‌സികള്‍ തുടങ്ങാനും കൊറിയയുടെ പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാനും കഫേയുടെ ഉടമകള്‍ ആലോചിക്കുന്നുണ്ടെന്ന് ലീ പറയുന്നു.