Places to See

കൊരിപ്പോ ഗ്രാമം അഥവാ ചിതറി കിടക്കുന്ന ഹോട്ടല്‍

കൊരിപ്പോ ഗ്രാമം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തോന്നും  നാം നാടോടി കഥകളില്‍ കേള്‍ക്കാറുള്ള ഗ്രാമമാണെന്ന്. കൃഷി പാരമ്പര്യ തൊഴിലാക്കിയ ആളുകള്‍ താമസിക്കുന്ന വേര്‍സാസ്‌ക്ക താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ചെറിയ മുന്‍സിപ്പാലിറ്റിയിലാണ് കൊരിപ്പോ.

ഈ ഗ്രാമത്തില്‍ ഏകദേശം മുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 12 പേര് മാത്രമാണ് അവിടെയുള്ളത്, അതില്‍ 11 പേരും 65 കഴിഞ്ഞവര്‍. നഗരത്തിലെ ഏക സാമ്പത്തിക ഇടപാട് നടക്കുന്നത് പ്രാദേശിക റെസ്റ്റോറന്റായ ഓസ്റ്റെരിയയില്‍ ആണ്. ഇറ്റാലിയന്‍ ഭാഷയാണ് ഇവിടെ സംസാരിക്കുന്നത്. ടിസിനോ ഗ്രാനൈറ്റ് കൊണ്ടാണ് ഇവിടുത്തെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഗ്രാമം അനാഥമായിക്കൊണ്ടിരിക്കുകയാണ്.

ചിതറി കിടക്കുന്ന ഹോട്ടല്‍

ഗ്രാമത്തെ നാശത്തിന്റെ വക്കില്‍ നിന്നും രക്ഷിക്കാന്‍ ഫോണ്ടസിയോന്‍ കൊരിപ്പോ 1975 എന്ന ഫൗണ്ടേഷന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലോകത്തെ ആദ്യത്തെ ”ആല്‍ബര്‍ഗോ ഡിഫുസോ’ അഥവാ ചിതറി കിടക്കുന്ന ഹോട്ടല്‍ എന്ന പദവി ഇനി കൊരിപ്പോ ഗ്രാമത്തിനായിരിക്കും.

ഇറ്റലിയില്‍ വിജയിച്ച ഒരു പദ്ധതിയാണ് ഇത്. പദ്ധതിയുടെ ഭാഗമായി കൊരിപ്പോയിലെ കെട്ടിടങ്ങള്‍ വെക്കേഷന്‍ കോട്ടേജുകളും ഹോട്ടല്‍ മുറികളും ആക്കി മാറ്റും.

‘1800 മുതല്‍ ഒരു മാറ്റവും ഇല്ലാതെ നിലനില്‍ക്കുന്ന ഈ മനോഹര ഗ്രാമത്തെ കാണാനുള്ള അവസരം സന്ദര്‍ശകര്‍ക്ക് ലഭിക്കും.’- ഫൗണ്ടേഷന്‍ പ്രസിഡന്റ് ആയ ആര്‍ക്കിടെക്ട് ഫാബിയോ ഗിയാകോമാസ്സി പറഞ്ഞു. ഗ്രാമത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഭക്ഷണങ്ങള്‍ കഴിക്കാനും അവസരം ലഭിക്കും.

‘തൊണ്ണൂറുകളില്‍ ആണ് ഇങ്ങനൊരു ആശയം ഉദിച്ചത്. പഴയ നിവാസികളെ എത്തിക്കാന്‍ ആയിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ കാറുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്തതും കെട്ടിടങ്ങള്‍ ചെറുതായതിനാലും അതൊന്നും സാധിച്ചില്ല.’- ഗിയാകോമാസ്സി പറഞ്ഞു.

ജൂലൈ 2018-ല്‍ ആദ്യത്തെ രണ്ട് ബെഡ്റൂം കോട്ടേജ് ആയ കാസ ആര്‍ക്കോട്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2020 ഈസ്റ്റരില്‍ മറ്റു ഹോട്ടല്‍ ആരംഭിക്കും. 6.5 മില്യണ്‍ ഡോളര്‍ ആണ് ഇതിന്റെ പുനരുദ്ധാരണ ചിലവ്. മൂന്ന് ഘട്ടമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആട് വളര്‍ത്തലും കൃഷിയും വീണ്ടും ഈ നാട്ടിലേക്ക് എത്തിക്കും.

പദ്ധതിക്ക് ആവശ്യമായ തുക ഇതുവരെ ലഭിച്ചിട്ടില്ല. പബ്ലിക് ഫണ്ടിങ്ങും ബാങ്ക് വായ്പ്പയുമായി ഇതുവരെ 2.7 മില്യണ്‍ ഡോളര്‍ ആണ് ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017-ല്‍ സ്വിസ്സ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ ഗ്യാസ്ട്രോസ്യുയ്സസ് ഹോട്ടല്‍ ഇന്നോവേഷന്‍ അവാര്‍ഡ് ഈ പദ്ധതിക്ക് ലഭിച്ചു. ഈ പദ്ധതിയുടെ പ്രായോഗികതയെ പറ്റി ഇപ്പോഴും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

സഞ്ചാരികളെ സ്വീകരിക്കാന്‍ കുറച്ചു ആളുകള്‍ മാത്രമേ ഗ്രാമത്തിലുള്ളൂ. വെള്ളം ആണ് ഇപ്പോള്‍ അവിടുത്തെ ഒരു പ്രശ്‌നം. മികച്ച ജല വിതരണ സൗകര്യം ഒരുക്കാനും ആലോചിക്കുന്നുണ്ട്.

ഈ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഗ്രാമത്തില്‍ കൂടുതല്‍ നിവാസികള്‍ എത്തും. കൂടുതല്‍ വ്യാപാരികള്‍ ഇവിടേക്ക് എത്തി തുടങ്ങും. പുതിയ താമസക്കാര്‍ക്ക് നല്ലൊരു വരുമാനമാര്‍ഗ്ഗവും ഇതിലൂടെ ലഭിക്കും.’ – ഗിയാകോമാസ്സി വ്യക്തമാക്കി.