News

തലച്ചോറിനെ അറിയാന്‍ ബ്രെയിന്‍ മ്യൂസിയം

നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്‌കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്‌ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്.

ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട്‌
ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം.

ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കുമായി കഴിഞ്ഞ 35 വര്‍ഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്‌കങ്ങളാണ് പ്രദര്‍ശനത്തിനായി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ തലവനായ ഡോയ എസ് ശങ്കറാണ് ഈ മ്യൂസിയത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്.

നമ്മുടെ മസ്തിഷ്‌കത്തെ കുറിച്ചുള്ള എല്ലാ അറിവും പൊതുജനങ്ങള്‍ക്കും പ്രാപ്യമാകണം എന്ന ചിന്തയാണ് നിംഹാന്‍സില്‍ ഇത്തരത്തിലൊരു പ്രദര്‍ശനം ഒരുക്കാനുള്ള പ്രേരണ.

ദിവസേന നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. തലച്ചോറിനെ തൊടാമെന്നതും കയ്യിലെടുക്കാമെന്നതു തന്നെയാണ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം അഞ്ഞൂറിലധികം മസ്തിഷ്‌കങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.

അവയ്ക്കെല്ലാം പല വലുപ്പവും പല നിറവുമാണ്. വിവിധ അസുഖങ്ങള്‍ ബാധിച്ചവരുടെയും അപകടങ്ങള്‍ സംഭവിച്ചവരുടേയുമൊക്കെ മസ്തിഷകങ്ങള്‍ കാണാവുന്നതാണ്. രോഗങ്ങള്‍ ബാധിച്ചവരുടെ മസ്തിഷ്‌കങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നവര്‍ക്കു എളുപ്പത്തില്‍ തന്നെ മനസിലാകും.

മസ്തിഷകത്തിനു പുറമെ ഹൃദയവും വൃക്കകളും മനുഷ്യന്റെ അസ്ഥികൂടവുമൊക്കെ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ക്കു പുറമെ ചില മൃഗങ്ങളുടെ മസ്തിഷ്‌കങ്ങളും മ്യൂസിയത്തില്‍ കാണാവുന്നതാണ്.

ബെംഗളൂരുവില്‍ നിന്നും ഏറെ അകലയൊന്നുമല്ല നിംഹാന്‍സ്. യശ്വന്ത്പൂരില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാത്രമാണ് നിംഹാന്‍സിലേക്കുള്ള ദൂരം. മെജസ്റ്റിക്കില്‍ നിന്നും 8.5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും ലക്ഷ്യത്തിലെത്താം.