Kerala

കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഇനി കുടുംബശ്രീ വനിതകള്‍

കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഈ മാസം 16 മുതല്‍ കുടുംബശ്രീ വനിതകള്‍ ഏറ്റെടുക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 24 റിസര്‍വേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനമാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. നിലവില്‍ റിസര്‍വേഷന്‍ ജോലി ചെയ്യുന്നവരെ ഇതോടെ പുനര്‍ വിന്യസിക്കും.

കൊച്ചിമെട്രോയടക്കം സേവന മേഖലകളിലുള്ള പ്രവര്‍ത്തന മികവാണ് പുതിയ ദൗത്യത്തിലേക്ക് കുടുംബശ്രീയെ നയിച്ചത്. ടോപ്അപ്പ് റീച്ചാര്‍ജ് മാതൃകയില്‍ നേരത്തെ പണമടച്ച് ടിക്കറ്റുകള്‍ വാങ്ങിയാണ് കുടുംബശ്രീ വില്‍പന നടത്തുക. ഓരോ ടിക്കറ്റിലും 4.5 ശതമാനം കമ്മീഷന്‍ ലഭിക്കും. നൂറോളം വനിതകളാണ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ആദ്യഘട്ടത്തിന് പിന്നാലെ എല്ലാ ഡിപ്പോകളിലും കുടുംബശ്രീയുമായി ചേര്‍ന്ന് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനമെന്ന് കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു .കോര്‍പ്പറേഷനിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് നിലവില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജോലിചെയ്യുന്നത്. ഇവരെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയാണ് റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്.