Middle East

റിയാദ് മെട്രോ; പരീക്ഷണ ഓട്ടം കൂടുതല്‍ ട്രാക്കിലേക്ക്

നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോ കൂടുതല്‍ ട്രാക്കുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നു. ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പരീക്ഷണ ഓട്ടം ആരംഭിക്കുന്നതെന്നും റിയാദ് ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

അടുത്ത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ റിയാദ് മെട്രോ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനുകള്‍, അനുബന്ധ കോംപ്ലക്‌സുകള്‍ എന്നിവയുള്‍പ്പെടെ 75 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായി. മേല്‍പ്പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും.

ഇത് ഉള്‍പ്പെടെ 250 സ്ഥലങ്ങളിലാണ് അന്തിമഘട്ട ജോലികള്‍ പുരോഗമിക്കുന്നത്. വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാളങ്ങളില്‍ പരീക്ഷണ ഓട്ടം നടക്കുന്നുണ്ടെങ്കിലും വ്യത്യസ്ത ട്രാക്കുകളിലെ പരീക്ഷണ ഓട്ടമാണ് ഈ മാസം പുതുതായി നടത്തുന്നത്.

റിയാദ് നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആറ് പാതകളില്‍ 85 റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. പ്രധാനപ്പെട്ട നാലു റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നഗരത്തിലെ കോമേഴ്സ്യല്‍ സെന്ററുകള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, കിംഗ് ഖാലിദ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല എക്കണോമിക്‌സ് സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് റിയാദ് മെട്രോ.

മെട്രോയുടെ 42 ശതമാനം ഭൂഗര്‍ഭപാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. ഇന്ത്യയിലെ എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെ നിരവധി കമ്പനികളില്‍നിന്നായി 45,000 തൊഴിലാളികളാണ് റിയാദ് മെട്രോ നിര്‍മാണത്തില്‍ ജോലിചെയ്യുന്നത്.