News

ആളിയാര്‍ മങ്കി ഫാള്‍സില്‍ പ്രവേശനം നിരോധിച്ചു

വിനോദസഞ്ചാരകേന്ദ്രമായ ആളിയാര്‍ മങ്കിഫാള്‍സില്‍ സന്ദര്‍ശകര്‍;ക്ക് പ്രവേശിക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും നിരോധനമേര്‍പ്പെടുത്തി. ആളിയാര്‍, വാല്പാറ മലകളിലെ കനത്ത മഴ കാരണം വെള്ളച്ചാട്ടത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി.

പൊള്ളാച്ചി റേഞ്ചര്‍ കാശിലിംഗത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. വാല്പാറ മലമ്പാതയില്‍ ചെറിയ വെള്ളച്ചാട്ടങ്ങള്‍ രൂപപെട്ടതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ വനംവകുപ്പുകാര്‍ റോഡില്‍ റോന്തും ശക്തമാക്കി. ആളിയാര്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തിയായി.

അണക്കെട്ട് നിറഞ്ഞ് ഏതുനിമിഷവും തുറന്നുവിടാവുന്ന അവസ്ഥയിലാണ്. വാല്പാറ 28 മില്ലീമീറ്റര്‍, പൊള്ളാച്ചി 27 മില്ലീമീറ്റര്‍, തൂണക്കടവ് 60 മില്ലീമീറ്റര്‍, പെരുവാരിപള്ളം 65 മില്ലീമീറ്റര്‍ അപ്പര്‍ ആളിയാര്‍ 27 മില്ലീമീറ്റര്‍ നല്ലാറ് 26 മില്ലീമീറ്റര്‍, പറമ്പിക്കുളം 145 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് പെയ്ത മഴയുടെ കണക്ക്.