Middle East

ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാന്‍ അത്യാഡംബര പദ്ധതിയുമായി സൗദി

ലോകെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും.

വിശദമായ ടൂറിസം പദ്ധതിക്ക് അമാല എന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് പണ്ട് പേരിട്ടിരിക്കുന്നത്. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 2,500 ഹോട്ടല്‍ മുറികളും നിരവധി സ്യൂട്ടുകളും 700 വില്ലകളും ഫ്‌ളാറ്റുകളും 200 മുന്തിയ വ്യാപാര സ്ഥാപനങ്ങളുമുണ്ടായിരിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ഷോറൂമുകളും ആര്‍ട്‌സ് അക്കാദമിയും ഇവിടെ സജ്ജീകരിക്കും.

26,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉള്‍ക്കൊള്ളിച്ച് നിയോം എന്ന പേരില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ ഭാഗമായാണിതും. നിക്ഷേപം നടത്താന്‍ സന്നദ്ധരാവുന്ന സ്വകാര്യ കമ്പനികള്‍ക്കും ആകര്‍ഷകമായ അവസരങ്ങള്‍ ഒരുക്കും.

നിക്കോളാസ് നേപിള്‍സിനെ പദ്ധതിയുടെ സി.ഇ.ഒ ആയി സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ആഡംബര വിനോദ സഞ്ചാര മേഖലയില്‍ ലോകത്തിന്റെ ഭാവനയെ കവച്ചുവയ്ക്കുന്നതായിരിക്കും അമാലയെന്ന് നിക്കോളസ് പറഞ്ഞു. ആദ്യഘട്ട ഫണ്ട് സൗദി ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി തന്നെ നല്‍കും.

വര്‍ഷത്തില്‍ 25 ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ 22,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 2019 ആദ്യ പാദത്തില്‍ ശിലാസ്ഥാപനം നടത്തുന്ന അമാലയുടെ ആദ്യ ഘട്ടം 2020 അവസാനം ഉദ്ഘാടനം ചെയ്യും. പത്തു വര്‍ഷത്തിനകം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകും.