News

നിശാ ക്ലബ് അടക്കം രാത്രി ആസ്വാദനം ഇല്ലെങ്കില്‍ കേരള ടൂറിസം മരിക്കും; ചെറിയാന്‍ ഫിലിപ്പ്

വിനോദ സഞ്ചാരികളെ രാത്രി ജീവിതം ആസ്വദിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം വൈകാതെ മരിക്കുമെന്ന് നവകേരളം പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്.

കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന സഞ്ചാരികള്‍ അധികവും ആയുര്‍വേദ,മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വൃദ്ധരാണ്‌. കേരളത്തില്‍ രാത്രികാല വിനോദോപാധികള്‍ ഇല്ല എന്നതാണ് യുവാക്കള്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതിനു പിന്നില്‍. അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണ് യുവതലമുറയുടെ തത്വം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലില്ല.
കോവളത്ത് വൈകിട്ട് ആറു മണിയായാല്‍ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ ആട്ടിയോടിക്കും.
സജീവമായ രാത്രികാല വിനോദോപാധികള്‍ സാംസ്കാരിക ജീര്‍ണതയല്ല. ഉല്ലാസനൗകകള്‍, രാത്രി കാല ക്ലബുകള്‍, ആടാനും പാടാനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ വരണം. പകല്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് രാത്രിയായാല്‍ മുറിയില്‍ തന്നെ തപസ്സിരിക്കേണ്ട അവസ്ഥയാണുള്ളത്.

കേരളം മാറിയില്ലെങ്കില്‍ രാത്രികാല ടൂറിസം ശ്രീലങ്കയിലും ചെന്നൈയിലും വരും. ഇവിടെയ്ക്ക് വരേണ്ട സഞ്ചാരികള്‍ അവിടെയ്ക്ക് പോകും. ഇതിനര്‍ത്ഥം തായ്ലാന്‍ഡ് പോലെ കേരളം മാറണമെന്നല്ല. ഇസ്ലാമികപ്രദേശമായ ദുബായില്‍ താന്‍ 4൫ വര്ഷം മുന്‍പ് പോയിട്ടുണ്ട്. അന്നത്തെ ദുബായ് അല്ല ഇപ്പോഴത്തേത്.രാത്രികാല ടൂറിസത്തോട് കേരളം ഇനിയും മുഖം തിരിക്കരുത്.
വിനോദസഞ്ചാര മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി മാലിന്യ നിര്‍മാര്‍ജനമാണെന്നും ചെറിയാന്‍ ഫിലിപ് പറഞ്ഞു.

മാറുന്ന കാലത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഏഴിന നിര്‍ദ്ദേശങ്ങളാണ് സുമന്‍ ബില്ല മുന്നോട്ടു വച്ചത്. സാങ്കേതിക വിദ്യയും ഓണ്‍ലൈന്‍ സംവിധാനവും ടൂറിസം മേഖലയെ ദ്രുതഗതിയില്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകള്‍ക്ക് കാത്തിരിക്കാന്‍ സമയമില്ല. പെട്ടന്ന് ലഭ്യമാകുന്ന സേവനമാണ് അവര്‍ക്ക് വേണ്ടത്. കേരളത്തില്‍ ശക്തമായ പരമ്പരാഗത ടൂറിസം മേഖലയാണുള്ളത്. കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറാകണം. സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഗ്രഹത്തിനനുസരിച്ചുള്ള വിനോദസഞ്ചാരമാണ് ഇപ്പോള്‍ നടക്കുന്നത്. ശരാശരി ആഡംബരം പ്രദാനം ചെയ്യുന്ന താമസസൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കണം. ടൂറിസം കേന്ദ്രങ്ങളുടെ സംരക്ഷണവും പ്രധാനമാണ്. കെടിഎം സൊസൈറ്റി പോലുള്ള സംഘടനകള്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഫസ്റ്റ് എന്നതാകണം ടൂറിസം മേഖലയുടെ പുതിയ മുദ്രാവാക്യം. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി തുടങ്ങിയവയ്ക്ക് ടൂറിസം മേഖലയില്‍ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടൂറിസം കേന്ദ്രങ്ങളും നവീന അഭിരുചിയുള്ള വിനോദസഞ്ചാരികളെയും കണ്ടെത്തണം. ഇതോടൊപ്പം തന്നെ ടൂറിസ്റ്റുകളുടെ അമിതമായ സാന്നിദ്ധ്യം പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.

ശോകമൂകമായി പോകുമായിരുന്ന കേരളത്തിന്‍റെ ടൂറിസം മേഖലയില്‍ ഉണര്‍വ്വ് കൊണ്ടുവരാന്‍ കെടിഎമ്മിനായി എന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ഡിജിറ്റല്‍ നവീകരണമാണ് ടൂറിസം മേഖലയിലെ പങ്കാളികള്‍ കൊണ്ടു വരേണ്ടത്. കേരള ടൂറിസത്തിന്‍റെ വെബ്സൈറ്റ് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്‍റെ സാധ്യതകള്‍ ടൂറിസം മേഖല ഉപയോഗപ്പെടുത്തണമെന്ന് അനീഷ് കുമാര്‍ പറഞ്ഞു. കേരളത്തെ പുതിയ രീതിയില്‍ വിപണനം ചെയ്യാനാണ് താന്‍ പ്രസിഡണ്ടായ അറ്റോയ് യോഗ ടൂര്‍ സംഘടിപ്പിച്ചത്.ഇത് വലിയ വിജയമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും ഒറ്റയ്ക്ക തന്നെയാണ് ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ മേഖലയുടെ സേവനം ഭാവിയില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിതാത്പര്യങ്ങളാണ് ഭാവിയുടെ കാലത്ത് ടൂറിസത്തെ നിയന്ത്രിക്കാന്‍ പോകുന്നതെന്ന് സ്കള്‍ കൊച്ചി പ്രസിഡന്റ് സിജോ ജോസ് ചൂണ്ടിക്കാട്ടി. 87 ശതമാനം പേരും മൊബൈല്‍ ആപ്പു വഴിയാണ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നത്. ഈ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.