Kerala

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: സുപ്രീം കോടതി

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി.

ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നുംഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി.

ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്‍കിയ യംങ് ലോയേഴ്‌സ് അസോസിയേഷന്റെ ന വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്‌ലോയേഴ്‌സ് അസോസിയേഷന്‍ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങള്‍ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു.

ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രാരാധനയില്‍ നിന്ന് വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കേണ്ടകാര്യമില്ല. ആ ചട്ടം മാറ്റിവായിച്ചാല്‍ മതി എന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ നിലപാടിനെ പുറത്ത് പിന്തുണച്ച ദേവസ്വം ബോര്‍ഡ് പക്ഷെ കോതിയില്‍ മലക്കം മറിഞ്ഞു. സ്ത്രീ പ്രവേശനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്, ശബരിമലയിലെ സവിശേഷ സാഹചര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ല, 41 ദിവസത്തെ വൃതശുദ്ധി പാലിക്കാന്‍ സ്ത്രീകള്‍ക്ക് ആകില്ല തുടങ്ങിയ വാദങ്ങള്‍ നിരത്തി. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണെന്നും ഇത് ഹിന്ദുവിശ്വാസത്തിലെ അവിഭാജ്യഘടകമാണെന്നും ശബരിമല തന്ത്രി വാദിച്ചു.

കാലങ്ങളായി തുടരുന്ന ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം നീക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. 60 വര്‍ഷമായി തുടരുന്ന ആചാരങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല എന്ന് എന്‍.എസ്.എസ് വാദിച്ചു. ഭരണഘടനയുടെ 25-2 അനുഛേദം ശബരിമലയുടെ കാര്യത്തില്‍ പ്രസക്തമല്ല തുടങ്ങിയ വാദങ്ങള്‍ എന്‍.എസ്.എസ് മുന്നോട്ടുവെച്ചിരുന്നു.