Kerala

ലോക വിനോദസഞ്ചാര ദിനത്തില്‍ ആവേശമായി വാക്കത്തോണ്‍

ലോക വിനോദസഞ്ചാര ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ പുതുമകളാല്‍ ജനശ്രദ്ധ നേടി. കവടിയാര്‍ പാര്‍ക്കില്‍ കേരള ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു.


കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളാണ് വാക്കത്തോണില്‍ അണിനിരന്നത്. കവടിയാര്‍ പാര്‍ക്കില്‍ തുടങ്ങി കനകക്കുന്ന് കൊട്ടാരത്തില്‍ അവസാനിച്ച വാക്കത്തോണിന്‍റെ ഭാഗമായി കിറ്റ്സ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും, ‘ടൂറിസവും ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷനും’ എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ മൈമും ഒരുക്കിയിരുന്നു.

കിറ്റ്സിന്‍റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താനായി തുടങ്ങിയ ചേക്കുട്ടി പാവകളുടെ നിര്‍മാണവും കിറ്റ്സില്‍ നടന്നു.

കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെടിഡിസി ) ചെയര്‍മാന്‍  എം. വിജയകുമാര്‍,  കെ. മുരളീധരന്‍ എംഎല്‍എ, കിറ്റ്സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍ , ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ് അനില്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍  പാളയം രാജന്‍, കൗണ്‍സിലര്‍ മുരളീധരന്‍ കെ, ടൂര്‍ഫെഡ് എംഡി ഷാജി മാധവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.