Kerala

വെള്ളായണിക്കായലിന് ഇനി അക്ഷരം കൂട്ട്

വെള്ളായണികായല്‍ക്കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്നവര്‍ക്കിന് കൂട്ടിന് കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. കാലയിന്റെ വവ്വാമൂല എന്ന് പറയുന്ന ഭാഗമാണ് ഹരിതവീഥിയാകുന്നത്. സന്ദര്‍ശകര്‍ക്ക് ഹരിതവീഥിയോട് ചേര്‍ന്ന് തയ്യാറാക്കിയ വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാം.


വായന എന്ന ആശയം

പഞ്ചായത്തോ മറ്റ് അധികാരികളോ മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയല്ല. മുട്ടയ്ക്കാട് വിദ്യാ ഭവനില്‍ വിവേക് നായരാണ് തന്റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങള്‍ കായല്‍ സന്ദര്‍ശകര്‍ക്ക് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റാണ് വിവേക്. വൈകുന്നേരങ്ങളില്‍ കായലിനരികില്‍ എത്താറുള്ള വിവേക് കായലിനരികേ പത്രവായനക്കായി നിരവധിപേരെത്തുന്നത് ശ്രദ്ധിച്ചു. തുടര്‍ന്നാണ് വിവേകിന് എന്തുകൊണ്ട് പത്രത്തോടൊപ്പം പുസ്തകങ്ങളും കായല്‍ക്കരയിലെത്തിച്ചു കൂടേയെന്ന് ചിന്തിച്ചത്.

തന്റെ ആശയം വാര്‍ഡ് അംഗമായ വെങ്ങാനൂര്‍ ശ്രീകുമാറിനോട് പറയുകയും അനുവാദം വാങ്ങുകയും ചെയ്തു. ജോലി സമയം കഴിഞ്ഞാല്‍ കായല്‍ തീരത്ത് പുസ്തകങ്ങളുമായി വിവേക് എത്തും. കഥകളും നോവലും ജീവചരിത്രവും എല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറെ ഉണ്ടെന്നറിഞ്ഞതോടെ മിച്ചം പിടിക്കുന്ന തുകയില്‍ നിന്നും പുതിയ പുസ്തകങ്ങളും വാങ്ങി വായനക്കാര്‍ക്കായെത്തിക്കുന്നു. താത്കാലികമായി തയ്യാറാക്കിയ റാക്കില്‍ പുസ്തകം നിര്‍ത്തിവച്ചിരിക്കുകയാണ് ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് വായിക്കാം. വിവരമറിഞ്ഞ തിരുവനന്തപുരം സ്വദേശി ജേക്കബ് കുറച്ച് പുസ്തകങ്ങള്‍ സംഭാവനയായി നല്‍കി

കായല്‍ തീരത്ത് രാത്രികാലങ്ങളില്‍ മദ്യപര്‍ ഉപേഷിക്കുന്ന കുപ്പികള്‍ ഹരിതവീഥിയുടെ സൗന്ദര്യം നശിപ്പിക്കുന്നുവെന്ന് മനസിലാക്കിയ യുവാവ് ഇവ നീക്കം ചെയ്യാന്‍ തുടങ്ങിയതോടെ സമീപവാസികളായ അംജിത്, ജോയല്‍ ജോബ് , ജോബിന്‍ എന്നീ സുഹൃത്തുക്കള്‍ സഹായത്തിനെത്തി.

തുടര്‍ന്ന് കലാകാരനായ ജോബിന്‍ ഉപയോഗശൂന്യമായ മദ്യകുപ്പികളില്‍ പെയിന്റ് ഉപയോഗിച്ചും കയര്‍ ഉപയോഗിച്ചും അലങ്കരിച്ചു. തുടര്‍ന്ന് ഇതില്‍ അലങ്കാര മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം കായല്‍ തീരത്തെ മരത്തില്‍ കെട്ടിത്തൂക്കി. ഇപ്പോള്‍ ഇവ കാണാനും ചിത്രം പകര്‍ത്താനും സന്ദര്‍ശകര്‍ ഏറെയാണ്. ഒപ്പം ചിത്രകലയില്‍ ബിരുദം നേടിയ ശിവന്‍കുട്ടിയെന്ന കലാകാരനുമുണ്ട്. ഇവിടെ എത്തുന്നവരുടെ ക്യാരിക്കേച്ചര്‍ വരച്ച് നല്‍കുകയാണിയാള്‍.