Kerala

കേരള ടൂറിസത്തിനു ഉത്തേജനമേകാന്‍ നിര്‍ദേശങ്ങളുമായി ടൂറിസം മേഖല

പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന്റെ തിരിച്ചു വരവിനു നിര്‍ദേശങ്ങളുമായി ടൂറിസം മേഖല. കൊച്ചിയില്‍ ചേര്‍ന്ന ടൂറിസം രംഗത്തെ പ്രമുഖരുടെ യോഗമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്.


ടൂറിസം രംഗത്തിന്‍റെ ഉണര്‍വിനു ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള ടൂറിസത്തിന്‍റെ പ്രചരണാര്‍ത്ഥം വ്യാപക പരസ്യം നല്‍കണം. പ്രമുഖ മാധ്യമങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ മീഡിയ, ഇന്‍ ഫ്ലൈറ്റ് മാഗസിനുകള്‍ എന്നിവയിലും പരസ്യം വരണം.

കേരള ടൂറിസത്തിന്റെ പ്രചാരണത്തിന് ടെക്കികളുടെ സഹായം തേടണം. സംസ്ഥാനത്തെ വിവിധ സൈബര്‍ പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ കേരള ടൂറിസം പ്രചാരണത്തെ സഹായിക്കണം എന്ന് യോഗം അഭ്യര്‍ഥിച്ചു. കേരളത്തിന്‍റെ മനോഹര ദൃശ്യങ്ങളും ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന വാര്‍ത്തകളും ഷെയര്‍ ചെയ്യാനും യോഗം ടെക്കികളോട് അഭ്യര്‍ഥിച്ചു.

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനം കേരള ടൂറിസത്തിന്റെ പ്രചാരണാവസരമായി കാണണം. ഇക്കാര്യത്തില്‍ ബിസിസിഐയുമായി സര്‍ക്കാര്‍ തന്നെ സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കണം.

ഏറെ ഫോളോവേഴ്സ് ഉള്ള ബ്ലോഗ്‌ എഴുത്തുകാരെ കൊണ്ടുവന്നു കേരളത്തെക്കുറിച്ച് എഴുതിക്കണം.രാജ്യത്തെ പ്രധാന നഗരങ്ങളില്‍ റോഡ്‌ ഷോകള്‍ നടത്തണം. കൊച്ചി ബിനാലെ അടക്കം കലാപരമായവ ടൂറിസം കലണ്ടറിന്റെ ഭാഗമാക്കണം.

ടൂറിസം മേളകളില്‍ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ പങ്കാളിത്തസൗകര്യം ഒരുക്കണം. ടൂറിസം സംരംഭങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വായ്പ എടുത്തവര്‍ക്ക് തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിക്കണം.
കൊച്ചി-മൂന്നാര്‍ ടൂറിസം ഇടനാഴി പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.