Fashion

ലോകത്തിലെ ഏറ്റവും വില കൂടിയ ചെരുപ്പ് ദുബൈയില്‍

മറ്റ് പലതിലുമെന്ന പോലെ ആഢംബരത്തിന്റെ കാര്യത്തിലും ദുബൈയിയെ വെല്ലാന്‍ ലോകത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്ല. ബുര്‍ജ ഖലീഫ മുതല്‍ കൃത്രിമ പാം ഐലന്റ് വരെയുള്ള കാഴ്ചകള്‍ വ്യത്യസ്ഥമായ അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദുബായ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജോടി ചെരിപ്പുകളുടെ പേരിലാണ്.

വെറു ചെരിപ്പുകളല്ല. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ചെരിപ്പുകളാണ് ദുബായില്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ പോകുന്നത്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച, രത്‌നങ്ങള്‍ പതിച്ച ചെരിപ്പുകള്‍ക്ക് 62.4 മില്യന്‍ ദിര്‍ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത് (ഏകദേശം 123.796 കോടി ഇന്ത്യന്‍ രൂപ).

വരുന്ന ബുധനാഴ്ച ലോകത്തിലെ ഏറ്റവും വിലയേറിയ ഈ ചെരിപ്പുകള്‍ പുറത്തിറക്കും. പാഷന്‍ ഡയമണ്ട്‌സ് എന്ന് സ്ഥാപനമാണ് ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഇത്രയും പണമുള്ള ആര്‍ക്കും വാങ്ങി സ്വന്തമാക്കാം.

55.4 മില്യന്‍ ദിര്‍ഹം വിലവരുന്ന ചെരിപ്പുകളാണത്രേ ഇപ്പോള്‍ ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയത്. അതിനെ മറികടക്കാനാണ് വില അല്‍പ്പം കൂടി കൂട്ടി ഇവ നിര്‍മ്മിച്ച് ദുബായിലെത്തിച്ചത്. രണ്ട് വലിയ ഡയമണ്ടുകളും നിരവധി ചെറിയ ഡയമണ്ടുകളുമുള്ള ചെരിപ്പുകളുടെ മറ്റ് ഭാഗങ്ങളെല്ലാം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചവയാണ്.

ഒന്‍പത് മാസം കൊണ്ടാണ് ഇവ നിര്‍മ്മിച്ചത്. ബുധനാഴ്ചയിലെ ചടങ്ങിലും തുടര്‍ന്നുള്ള പ്രദര്‍ശനങ്ങളിലും പക്ഷേ ഒറിജിനല്‍ ഷൂ ആയിരിക്കില്ല, ഇവയുടെ മാതൃകയായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്. വാങ്ങുന്നയാളുടെ കാലിന്റെ അളവ് നോക്കി പാകമാവുന്ന തരത്തില്‍ പിന്നീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാനാണ് തീരുമാനം. ഒരേ ഒരാള്‍ക്ക് മാത്രമേ ഇത് ലഭിക്കുകയുമുള്ളൂ