Middle East

ഗിന്നസില്‍ ഇടം നേടി സൗദി ദിനാഘോഷം

സൗദിയുടെ എണ്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.ആഘോഷത്തോട് അനുബന്ധിച്ചു ഒരുക്കിയ കരിമരുന്നു പ്രയോഗമാണ് റെക്കോഡിട്ടത്.

ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു ഇന്നലെ രാജ്യത്തെ 58 കേന്ദ്രങ്ങളിലായി ഒന്‍പതു ലക്ഷത്തില്‍ അധികം കതിനകള്‍ പൊട്ടിച്ചാണ് ആകാശത്തു വര്‍ണ്ണ വിസ്മയം തീര്‍ത്തത്. ഒരേ സമയം ഏറ്റവും കൂടുതല്‍ കരിമരുന്നു പ്രയോഗിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇന്നലെ സൗദിക്ക് ലഭിച്ചു.

ആഘോഷങ്ങളോട് അനുബന്ധിച്ചു വിവിധ കലാപ്രകടനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു.

കടലിലും കരയിലമായി നടന്ന ആഘോഷ പരിപാടികളില്‍ വിവിധ സൈനിക വിഭാഗങ്ങളും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമാകാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയത്.

ഇതാദ്യമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തെ പൊതു അവധിയും ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു നല്‍കിയിരുന്നു.