News

ട്രെയിനിലും ബ്ലാക്ക് ബോക്‌സ് വരുന്നു; കൂടുതല്‍ സ്മാര്‍ട്ടായി കോച്ചുകള്‍

ട്രെയിനുകളില്‍ ഇതാദ്യമായി ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട് കോച്ചുകള്‍ വരുന്നു. റായ്ബറേലിയിലെ ഫാക്ടറിയില്‍ 100 കോച്ചുകള്‍ സജ്ജമായി. വിമാനങ്ങളിലെ മാതൃകയില്‍ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ ഘടിപ്പിച്ച സ്മാര്‍ട് കോച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍മിത ബുദ്ധി കൂടി പിന്‍ബലമാകും.

വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സ് അപകടത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്താനാണു സഹായിക്കുന്നതെങ്കില്‍ ട്രെയിനിലെ ബ്ലാക്ക് ബോക്‌സ് അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്.

താപവ്യതിയാനം മൂലം കേബിളുകള്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്‌സ് കണ്ടെത്തും. ശബ്ദവും ദൃശ്യവും അടക്കം അവലോകനം ചെയ്തു സൂക്ഷിക്കും. കോച്ചുകളുടെ തല്‍സ്ഥിതി ഉള്‍പ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാര്‍ട് കോച്ചുകളിലുണ്ടാകും.

കോച്ചുകളുടെ ചക്രങ്ങള്‍ പ്രത്യേക സെന്‍സര്‍ സംവിധാനത്തിലൂടെ പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിയും. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനാകും. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ സങ്കേതമാണു വികസിപ്പിച്ചെടുത്തത്.

കംപ്യൂട്ടറിന്റെ സിപിയു പോലെ പ്രവര്‍ത്തിക്കുന്ന ഭാഗം പിഐസിസിയു (പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോച്ച് കംപ്യൂട്ടിങ് യൂണിറ്റ്) എന്നാണ് അറിയപ്പെടുക. പ്രത്യേക നെറ്റ്വര്‍ക്ക് സംവിധാനത്തിലൂടെ കോച്ചുകളില്‍ മുഴുവന്‍ ജിഎസ്എം രീതിയില്‍ ഇതു ബന്ധപ്പെടുത്തും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവിയുണ്ട്.

ഓരോ സ്ഥലത്തും റെയില്‍വേ ഒരുക്കുന്ന സൗകര്യങ്ങള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവ മോണിറ്ററില്‍ കാണാം. യാത്രക്കാര്‍ക്ക് സീറ്റുകളില്‍ ഇരുന്നു തന്നെ ഗാര്‍ഡുമായി സംസാരിക്കാം. കോച്ചില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ അല്ലാത്തവര്‍ പ്രവേശിക്കുന്നതും നിരീക്ഷിക്കും. വൈഫൈ-ഹോട്ട് സ്‌പോട്ട് സംവിധാനവും കോച്ചില്‍ ലഭ്യമാണ്.

എല്‍എച്ച്ബി (ലിംക് ഹോഫ്മാന്‍ ബുഷ്) കോച്ചുകളാണു സ്മാര്‍ട് കോച്ചുകളാക്കി രൂപമാറ്റം വരുത്തിയത്. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളേക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലാണ്.

നിലവിലുള്ള കോച്ചുകളേക്കാള്‍ ഭാരം കുറയുമെന്നതാണു സ്മാര്‍ട് കോച്ചുകളുടെ മറ്റൊരു പ്രത്യേകത. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളുള്ള ട്രെയിന്‍ കടന്നുപോകുമ്പോള്‍ ശബ്ദം പകുതിയോളം കുറയും. എന്നാല്‍ സാധാരണ കോച്ചിനെ അപേക്ഷിച്ച് ഒരു കോച്ചിന് 14 ലക്ഷം രൂപ ചെലവ് കൂടുതല്‍ വരും.

ജര്‍മനിയിലെ ആല്‍സ്റ്റോം എല്‍എച്ച്ബി കമ്പനി നിര്‍മിക്കുന്ന എല്‍എച്ച്ബി (ലിംക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ 2000ത്തിലാണ് ആദ്യമായി റെയില്‍വേ വാങ്ങുന്നത്. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്കു വേണ്ടിയായിരുന്നു ഇത്. പിന്നീട് സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ തന്നെ ഇത്തരം കോച്ചുകള്‍ നിര്‍മിച്ചുതുടങ്ങി.

ഇപ്പോള്‍ റായ്ബറേലി കോച്ച് ഫാക്ടറിയില്‍ രാജ്യത്തെ സാങ്കേതിക വിദ്യകള്‍ തന്നെ ഉപയോഗിച്ച് സ്മാര്‍ട് കോച്ചുകളും ഒരുക്കി.