Kerala

കുറിഞ്ഞിക്ക് വേണ്ടി ബൈക്ക് റാലി നടത്തി ഷോകേസ് മൂന്നാര്‍

പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്.

കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിനും കുറിഞ്ഞി പ്രചരണത്തിന്റെ ഭാഗമായും ഷോകേസ് മൂന്നാര്‍ ഇന്നലെ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നാരംഭിച്ച ബൈക്ക് റാലിയില്‍ 20 ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളും മറ്റു സൂപ്പര്‍ ബൈക്കുകളും പങ്കെടുത്തു.

ഇന്നലെ രാവിലെ എറണാകുളം ബോട്ട് ജെട്ടിയില്‍ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍. കെ പി നന്ദകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങില്‍ , കേരള ടൂറിസത്തിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരായ കെ. എസ്. ഷൈന്‍, ജി. കമലമ്മ, രാജേഷ് നായര്‍( സിജിഎം, ഈസ്റ്റ് എന്‍ഡ് ഗ്രൂപ്പ്) എന്നിവരും പങ്കെടുത്തു.

മൂന്നാറില്‍ എത്തിയ ബൈക്ക് റാലി സംഘങ്ങളെ ഷോകേസ് മൂന്നാര്‍ അംഗങ്ങളും ഡി ടി പിസി ഇടുക്കിയും സ്വാഗതം ചെയ്തു. മൂന്നാറില്‍ റൈഡ് നടത്തിയ ബൈക്ക് യാത്രക്കാര്‍ നല്ലതണ്ണിയിലും, ദേവികുളത്തും യാത്ര ചെയ്ത് ക്ലൗഡ്‌സ് വാലി എത്തിച്ചേര്‍ന്നാണ് റാലി അവസാനിപ്പിച്ചത്.

മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മൂന്നാര്‍ സുരക്ഷിതമാണ്, നിറഞ്ഞ് പൂത്ത നീലക്കുറിഞ്ഞി പൂക്കള്‍ നിങ്ങളെ സ്വഗതം ചെയ്യുന്നു, അടുത്ത തലമുറയ്ക്ക് വേണ്ടി നീലക്കുറിഞ്ഞി പൂക്കളെ സംരക്ഷിക്കുക എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നാതാണ് ബൈക്ക് റാലിയുടെ ലക്ഷ്യം.

ഷോകേസ് മൂന്നാറുമായി സംഘടിപ്പിച്ചു നടത്തിയ ബൈക്ക് റാലിയുടെ വിവരങ്ങള്‍ മറ്റു എല്ലാ ബൈക്ക് റൈഡേഴ്‌സ് അംഗങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ കൂടുതല്‍ ബൈക്ക് റൈഡിംഗ് ക്ലബ്ബുകളെ ഇത്തരത്തിലുള്ള പ്രചരണ പരിപാടികളില്‍ പങ്കാളികളാക്കുമെന്ന് ബൈക്ക് റൈഡേഴ്‌സ് പറഞ്ഞു.