Middle East

മക്ക-മദീന ഹറമൈന്‍ തീവണ്ടി സര്‍വീസ് തിങ്കളാഴ്ച മുതല്‍

പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മക്ക-മദീന ഹറമൈന്‍ തീവണ്ടിയുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഹറമൈന്‍ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നത്. യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിന് ടിക്കറ്റ് നിരക്കില്‍ രണ്ട് മാസം 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉംറയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാവും ഈ സര്‍വീസ്.

ജിദ്ദ-മക്ക ഇക്കണോമി ക്ലാസിന് 40 റിയാലും ( 770 രൂപ ) ബിസിനസ് ക്ലാസിന് 50 റിയാലും ( 963 രൂപ )മാണ് ടിക്കറ്റ് നിരക്ക്. മക്കയില്‍ നിന്ന് മദീന വരെ 430 കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് ഇക്കണോമി ക്ലാസില്‍ 150 റിയാലും (  2889 രൂപ) ബിസിനസ് ക്ലാസില്‍ 250 ( 4815 രൂപ) റിയാലുമാണ് നിശ്ചയിച്ചിട്ടുള്ളത്.

ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍അമൂദി അധ്യക്ഷനായ സൗദി റെയില്‍വേയ്സ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് നിരക്ക് അംഗീകരിച്ചതായി പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് അറിയിച്ചു. ഹറമൈന്‍ തീവണ്ടി പ്രവര്‍ത്തന മേല്‍നേട്ടം വഹിക്കുന്ന സ്പാനിഷ് കണ്‍സോര്‍ഷ്യം ‘അല്‍ ശുഅല’ യുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ യാത്രികരെ ഹറമൈന്‍ തീവണ്ടി പ്രയോജനപ്പെടുത്തുന്നതിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിക്കും. ഇതുപ്രകാരം മക്ക-ജിദ്ദ നിരക്ക് 20 റിയാലും ( 385 രൂപ ) റാബിഗിലേക്ക് 40 റിയാലും ( 770 രൂപ) മദീനയിലേക്ക് 75 റിയാലും ( 1444 രൂപ ) ആയിരിക്കും.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എട്ട് സര്‍വീസുകള്‍ നടത്തും. അടുത്തവര്‍ഷം ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.