Kerala

ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തും. ആഘോഷമൊഴിവാക്കി കലോത്സവം നടത്താന്‍ മാന്വല്‍ പരിഷ്‌ക്കരിക്കാനും തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ഇത് സംബന്ധിച്ച് സംസാരിച്ചു.

കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. എന്തായാലും കലോത്സവം നടക്കുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. എന്നാല്‍ പതിവ് ആഘോഷപ്പൊലിമകള്‍ ഒഴിവാക്കപ്പെടും.

കലോത്സവം നടത്താനുള്ള വഴികളെക്കുറിച്ച് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനം കണ്ട് മുഖ്യമന്ത്രി വിളിക്കുകയായിരുന്നുവെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

കുട്ടികളുടെ പ്രയാസം മനസിലാക്കുന്നു. അതുകൊണ്ട് കലോത്സവം ചെറിയ രീതിയിലെങ്കിലും നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. 24 -ാം തിയതി മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സൂര്യ കൃഷ്ണ മൂര്‍ത്തി പറഞ്ഞു.