കിന്നൗര്‍; ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം
മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്.
ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ യാത്രികന്റെയും ഉള്ളുനിറയ്ക്കും. ആപ്പിളിന്റെ നാടുകൂടിയാണ് കിന്നൗര്‍. ചുവന്നു തുടുത്ത ആപ്പിളുകള്‍ ആരെയും കൊതിപ്പിക്കും. ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 235 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമേ സ്വര്‍ഗതുല്യമായ ഈ നാട്ടിലെക്കെത്തുകയുള്ളു.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു കിന്നൗറിലാണ് എന്നാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വാഹനങ്ങള്‍ വളരെ കുറവായതു കൊണ്ട് തന്നെ ഇവിടെ അന്തരീക്ഷമലിനീകരണവും വളരെ കുറവാണ്. മലിനീകരണ തോത് വളരെ കുറവായതുകൊണ്ട്, ശുദ്ധവായു അകത്തേക്കെടുക്കുമ്പോള്‍ തന്നെ വ്യത്യാസം അനുഭവിച്ചറിയാം. കിന്നൗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവുമുചിതമായ സമയം ജൂലൈ-ഓഗസ്റ്റ് മാസങ്ങളാണ്. തണുപ്പേറെ കൂടുതലായതിനാല്‍ മറ്റുള്ള മാസങ്ങളിലെ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഹിന്ദുപുരാണങ്ങളുമായി ബന്ധപ്പെട്ട് വലിയ സ്ഥാനമുണ്ട് കിന്നൗറിന് . പരമശിവന്‍ കുടികൊള്ളുന്ന മണ്ണായാണ് ഹൈന്ദവര്‍ ഈ ഭൂമിയെ കണക്കാക്കുന്നത്. വര്ഷങ്ങളോളം അന്യര്‍ക്ക് പ്രവേശനമില്ലാതിരുന്ന ഇവിടേയ്ക്ക് 1989 മുതലാണ് പ്രവേശനം അനുവദിക്കപ്പെട്ടത്. അതിനുശേഷമാണ് കിന്നൗര്‍ കാണാന്‍ സഞ്ചാരികള്‍ കൂട്ടമായി എത്തിത്തുടങ്ങിയത്. ഇന്ത്യയുടെ അയല്‍രാജ്യമായ ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന പ്രത്യേകത ഈ നാടിനുണ്ട്. ആ സവിശേഷതയും സംസ്‌കാരവും ഇവിടുത്തെ ജനങ്ങളിലും അവരുടെ ജീവിതരീതികളിലും കാണാന്‍ കഴിയുന്നതാണ്. ജനസംഖ്യ തീരെ കുറഞ്ഞ ഇവിടെ 85,000 ജനങ്ങള്‍ അധിവസിക്കുന്നുണ്ടെന്നാണ് 2011 ലെ സെന്‍സസ് രേഖപ്പെടുത്തുന്നത്.
കിന്നൗറിലേക്ക് ഷിംലയില്‍ നിന്നും റോഡ് മാര്‍ഗം എത്തിച്ചേരാവുന്നതാണ്. ഏറ്റവുമടുത്തുള്ള എയര്‍പോര്‍ട്ട് ഷിംലയാണ്. റെയില്‍വേ ലൈന്‍ കിന്നൗറിലൂടെ കടന്നുപോകുന്നില്ലെങ്കിലും കല്‍ക്കയില്‍ നിന്നും ഒരു നാരോഗേജ് റെയില്‍വേ ലൈന്‍ ഷിംലവരെ നീളുന്നുണ്ട്.