Kerala

അനന്തപുരിയിലെ ക്രിക്കറ്റ് പൂരം; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

കേരളത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും വിന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് നിരക്കുകള്‍ തീരുമാനിച്ചത്.


വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും 1000 രൂപാ ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കും.
സ്‌പോര്‍ട്‌സ് ഹബ്ബിന്റെ മുകളിലെ നിരയിലെ ടിക്കറ്റ് നിരക്കാണ് 1000 രൂപ. താഴത്തെ നിരയില്‍ 2000,3000, 6000 എന്നിങ്ങനെയാണ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പെടെയാണ്. ടിക്കറ്റ് വരുമാനത്തില്‍നിന്നുള്ള ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക നല്‍കുമെന്ന് കെ.സി.എ വ്യക്തമാക്കി.

ഏകദിനത്തോടൊപ്പം ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് എ ടീമും തമ്മിലുള്ള മത്സരത്തിനും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ എ ടീം തിരുവനന്തപുരത്തെത്തുക.

ജനുവരി പതിമൂന്നിന് ഇംഗ്ലണ്ട് എ ടീം തിരുവനന്തപുരത്തെത്തി പരിശീലനം ആരംഭിക്കും. ജനുവരി 23, 25, 27, 29, 31 തിയതികളിലാണ് ഇന്ത്യ എ- ഇംഗ്ലണ്ട് എ ഏകദിന മത്സരങ്ങള്‍. ഇതിന് മുന്നോടിയായി ജനുവരി 19നും 21നും ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവനെതിരെ സന്നാഹ മത്സരങ്ങളും കളിക്കും.