News

ലോകമിനി വര്‍ണ്ണമയം; സ്വവര്‍ഗരതി കുറ്റകരമല്ല – സുപ്രീം കോടതി

ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി.

ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഖ്യാതമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം കന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഓരോ വ്യക്തികള്‍ക്കും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുണ്ട്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ല. വ്യക്തികള്‍ക്ക് അവരുടെ സ്വന്തം നിലപാടുകള്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മരണത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര.

സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്ന രാജ്യത്തെ നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണു ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലപാട്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നതാണ് 377-ാം വകുപ്പ്.

സ്വവര്‍ഗരതിയെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കുന്നതിനിടെ പ്രതികരിച്ചത്.

ഇന്ത്യന്‍സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനം പുലര്‍ത്തുന്നുവെന്നു നിരീക്ഷിച്ച കോടതി, സമൂഹത്തിന്റെ മനോഭാവം കാരണം പലര്‍ക്കും യഥാര്‍ഥ ലൈംഗികഅഭിരുചി വെളിപ്പെടുത്താന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. നര്‍ത്തകി നവ്‌തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവരാണു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.