News

ഈ തീവണ്ടി യാത്ര എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കും

ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് തന്റെ ജീവിത സഖിയായ സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ നീരാവി തീവണ്ടി. അന്നവര്‍ ഒരു തീരുമാനത്തിലെത്തി വിവാഹം കഴിയുമ്പോള്‍ ആദ്യയാത്ര ഇന്ത്യയിലെ കാട്ടിലൂടെയുള്ള നീരാവി തീവണ്ടിയില്‍ തന്നെ ആകണമെന്ന്.


രണ്ടാഴ്ച മുന്‍പ് വിവാഹിതരായ ഗ്രഹാമും സില്‍വിയയും സുഹൃത്തുക്കളില്‍ നിന്നാണ് ഇന്ത്യയിലെ  നീരാവി തീവണ്ടിയെക്കുറിച്ചറിയുന്നത്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ യാത്രക്കൊരു  പ്രത്യേകതയുണ്ട്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. പശ്ചിമഘട്ട ജൈവ ഭൂപടത്തിലൂടെ ചൂളം വിളിച്ചോടുന്ന തീവണ്ടിയിലൂടെ തനിച്ചൊരു കാനന യാത്ര ഇരുവരുടെയും സ്വപ്‌നമായിരുന്നു.

വിവാഹ തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഐആര്‍സിടിസി വഴി തനിച്ചൊരു സര്‍വീസെന്ന ആശയം അധികൃതര്‍ക്ക് മുന്നില്‍ ഗ്രഹാമും സില്‍വിയയും അവതരിപ്പിച്ചു. ദക്ഷിണറെയില്‍വേയുടെ സ്വപ്‌നപാതയില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തിയാല്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് അധികൃതരും സമ്മതമറിയിച്ചു.

സിനിമ ഷൂട്ടിങ്ങിനല്ലാതെ രണ്ട് പേര്‍ക്ക് മാത്രമായി ഒരു തീവണ്ടി യാത്ര ആദ്യമായിട്ടാണ് നടത്തുന്നത്. തീവണ്ടിയുെട പരത്യേക സര്‍വീസിന് ദക്ഷിണറെയില്‍വേ ഈടാക്കുന്നത് മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 2.85 ലക്ഷം രൂപയാണ്. വെള്ളയാഴ്ച രാവിലെ മേട്ടുപാളയത്ത് എത്തിയ ദമ്പതികള്‍ക്ക് ഐആര്‍സിടിസി അധികൃതര്‍ ചെറിയ സ്വീകരണം ഒരുക്കിയിരുന്നു.

വിവാഹം കഴിഞ്ഞയുടന്‍ ഡല്‍ഹി, ചെന്നൈ ചുറ്റികണ്ട ശേഷമാണ് ഇരുവരും ഊട്ടിയിലെത്തിയത്. ഒമ്പത് മണിയോടെ എഞ്ചിനും മൂന്ന് കോച്ചുകളും ഇവര്‍ക്ക് മാത്രമായി ഊട്ടിവരെ ഓടി, ഇരുവര്‍ക്കൊപ്പം ശശിധര്‍ മാത്രമാണ് തീവണ്ടിയെക്കുറിച്ചും നീലഗിരിയെകുറിച്ചും വിവരിക്കാനുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്നത്.

ഊട്ടിയിലേക്കുള്ള യാത്രയില്‍ കണ്ടത് യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രകൃതിഭംഗി പോലെതന്നെയുണ്ടെന്നാണ് ഊട്ടിയിലെത്തിയപ്പോള്‍ ഇരുവരുടെയും അഭിപ്രായം. പ്രകൃതിയെ അടുത്തറിയാനും ആദ്യകാലറെയില്‍വേ എഞ്ചിനില്‍ യാത്ര ചെയ്യാന്‍ സാധിച്ചതും തങ്ങളുടെ ഭാഗ്യമാണെന്നും ഈ യാത്ര അവിസ്മരണിയമാക്കാന്‍സഹായിച്ച റെയില്‍വേക്ക് നന്ദി പറഞ്ഞുകൊണ്ട് ഊട്ടി നഗരത്തില്‍ ഇറങ്ങുമ്പോള്‍ സമയം വൈകീട്ട് മൂന്ന് കഴിഞ്ഞിരുന്നു.

രണ്ട് പേര്‍ക്ക് മാത്രമല്ല 200 പേര്‍ വരെ യാത്ര ചെയ്യാനും 2.85 ലക്ഷം രൂപയേ വരൂ. തിരിച്ചുമുള്ള യാത്രയ്ക്കും ചേര്‍ത്ത് ബുക്ക് ചെയ്താല്‍ അഞ്ചു ലക്ഷത്തില്‍ താഴെ തുക ഒതുക്കാം. വന്‍കിട കമ്പനികള്‍, സഞ്ചാരികള്‍, ഉള്‍പ്പെടെ ആര്‍ക്ക് വേണമെങ്കിലും പൈതൃകതീവണ്ടിയുടെ പ്രത്യേകസര്‍വീസ് ഉപയോഗപെടുത്താമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.