News

സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇനി മധുബനി തിളക്കത്തില്‍

ബിഹാറിലെ ദര്‍ഭാംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനാണ് ചിത്രകാരികള്‍ മധുബനിയുടെ ചാരുത നല്‍കിയത്. സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ഒന്‍പത് ബോഗികള്‍ ചിത്രം വരച്ച് തീരുന്നതിനായി ഒരു മാസമാണ് വേണ്ടി വന്നത്.

50 ചിത്രകാരികളാണ് ബിഹാറിന്റെ തനത് ചിത്രംവര ശൈലിയായ ‘മധുബനി’ ബോഗികളിലേക്ക് പകര്‍ത്തിയത്. രാത്രിയും പകലും ഒരുപോലെ സമയമെടുത്താണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് ചിത്രാലംകൃതമായ ട്രെയിന്‍ യാത്ര ആരംഭിച്ചത്. ചിത്രകലാരീതി രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും പര്യടനം നടത്താന്‍ റെയില്‍വേ സൗകര്യം ഒരുക്കണമെന്ന് സമസ്തിപൂര്‍ ഡിവിഷണല്‍ മാനേജര്‍ രവീന്ദ്രകുമാര്‍ ജെയിന്‍ ആവശ്യപ്പെട്ടു.

 

അധികം വൈകാതെ ട്രെയിന്‍ മുഴുവന്‍ മധുബനി രീതിയില്‍ ചിത്രംവരയ്ക്കാനാണ് റെയില്‍വേയുടെ തീരുമാനം.