Middle East

കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍സ്

കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി.

പ്രളയ ദുരിതത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഉപയോഗ യോഗ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്.

എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇത്രയും സാധനങ്ങള്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും.

ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങി 175 ടണ്‍ സാധനങ്ങളുണ്ട്. യുഎഇയിലെ ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സംഭാവന ചെയ്ത സാധനങ്ങളും ഇവയില്‍ ഉള്‍പ്പെടും.